മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കണമെന്ന കമ്പനിയുടെ ആവശ്യം; കലക്ടറോടു പരിഗണിക്കാന്‍ ഹൈക്കോടതി

കൊച്ചി: മെത്രാന്‍ കായല്‍ നികത്തുന്നതിനുള്ള അനുമതി നല്‍കണമെന്ന കമ്പനിയുടെ ആവശ്യം കോട്ടയം ജില്ലാ കലക്ടര്‍ പരിഗണിച്ചു തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. എല്ലാ നിയമങ്ങളും ലംഘിച്ചാണ് കുമരകം ഇക്കോ ടൂറിസം വില്ലേജ് പദ്ധതിയുമായി ബന്ധപ്പെട്ട് കായല്‍ നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്നു കാട്ടി മെത്രാന്‍ കായലിന്റെ ഭാഗമായ 7.80 ഹെക്ടറിന്റെ ഉടമ എന്‍ കെ അലക്‌സാണ്ടര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. പദ്ധതി ചുമതലയുള്ള റാക് ഇന്‍ഡോ ഡെവലപേഴ്‌സ് എന്ന കമ്പനി അനുമതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് എതിര്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു.
ഹരജിക്കാരന്‍ തങ്ങള്‍ക്ക് സ്ഥലം തരാന്‍ തയ്യാറായി വിലപേശല്‍ നടത്തിയിട്ടും വിജയിക്കാത്ത സാഹചര്യത്തിലാണ് വില പേശലിനുള്ള വേദിയായി കോടതിയെ കണ്ടെത്തിയിരിക്കുന്നതെന്ന ആരോപണമാണ് കമ്പനി സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചത്. പ്രകൃതിയെ ഒരു തരത്തിലും ബാധിക്കാത്ത പദ്ധതി പ്രാദേശിക തലത്തില്‍ കര്‍ഷകര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങള്‍ നല്‍കുന്നതാണ്. ലോകത്തിന്റെ പല ഭാഗത്തും സമാന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അജ്ഞത മൂലമാണ് എതിര്‍പ്പുയര്‍ന്നിരിക്കുന്നത്. ഹരജിക്കാരന്റെ സ്ഥലം ഏറ്റെടുക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ഇക്കാര്യത്തില്‍ പ്രത്യേക സത്യവാങ്മൂലം നല്‍കാമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it