മെത്രാന്‍ കായല്‍ നികത്താനുള്ള അനുമതി;  സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ ഉത്തരവ്

കൊച്ചി: മെത്രാന്‍ കായലും കടമക്കുടിയിലെ പൊക്കാളി നിലവും നികത്താനുള്ള അനുമതി സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നു ഹൈക്കോടതി. പരിസ്ഥിതി പ്രാധാന്യമുള്ള കുട്ടനാട്ടിലെ മെത്രാന്‍ കായലില്‍ എക്കോ ടൂറിസത്തിന്റെ പേരില്‍ 378 ഏക്കര്‍ നിലവും കടമക്കുടി ചരിയം തുരുത്തില്‍ മെഡിക്കല്‍ ടൂറിസം വില്ലേജിനു വേണ്ടി 47 ഏക്കര്‍ പൊക്കാളിനിലവും നികത്താന്‍ അനുമതി നല്‍കിയത് ചോദ്യം ചെയ്ത് തിരുവാങ്കുളം നാച്വറല്‍ ലവേഴ്‌സ് ഫോറം നല്‍കിയ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ടൂറിസം പദ്ധതിയുടെ ഭാഗമായി റാക് ഇന്‍ഡോ ഡെവലപ്പേഴ്‌സ് എന്ന കമ്പനിക്ക് ഫാം ടൂറിസത്തിനായും ഫൈവ് സ്റ്റാര്‍ ഹോട്ടലും റിസോര്‍ട്ടും പണിയാനുമായാണ് എല്ലാ നിയമങ്ങളും ലംഘിച്ച് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കടമക്കുടിയിലെ മെഡിസിറ്റി പദ്ധതിയുടെ കാര്യത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. സര്‍വേ നമ്പര്‍ പോലും രേഖപ്പെടുത്താതെയാണ് കടമക്കുടിയില്‍ പൊക്കാളി നിലം നികത്താന്‍ അനുമതി നല്‍കിയത്. പൊതുതാല്‍പര്യപരമെന്ന് മുന്‍നിര്‍ത്തി നികത്താന്‍ നിയമത്തില്‍ ഇളവനുവദിച്ചാണ് ഉത്തരവായിട്ടുള്ളത്. അഞ്ചു വകുപ്പുകളുടെ വിയോജനക്കുറിപ്പ് മറികടന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ഭക്ഷ്യസുരക്ഷയെയും ജൈവവ്യവസ്ഥയെയും ബാധിക്കുമെന്ന് കൃഷിവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഫിഷറീസ്, തദ്ദേശ സ്വയംഭരണം, പരിസ്ഥിതി വകുപ്പ് തുടങ്ങിയവയും നികത്താന്‍ അനുമതി നല്‍കുന്നതിനെ എതിര്‍ത്തിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it