മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി; റവന്യൂ വകുപ്പ് ഉത്തരവ് ഹൈക്കോടതി വിധി ലംഘനം

കോട്ടയം: മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കി കഴിഞ്ഞ നാലിന് ഇറക്കിയ റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് മെത്രാന്‍ കായല്‍ സംരക്ഷണ പ്രക്ഷോഭ സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതീവ പരിസ്ഥിതി ദുര്‍ഭലമായ വേമ്പനാടിനെയും കാര്‍ഷിക മേഖലയായ കുട്ടനാടിനെയും തകര്‍ക്കുന്ന നടപടിയാണ് ഈ ഉത്തരവിലൂടെ നടപ്പാക്കുന്നത്.
റാസല്‍ഖൈമ ആസ്ഥാനമായ'റാക്കിന്റോ ഡവലപ്പേഴ്‌സ് എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിയാണ് വിനോദ സഞ്ചാര വ്യവസായത്തിനായി 378 ഏക്കര്‍ ഭൂമി സ്വന്തമാക്കിയിരിക്കുന്നത്. പരിസ്ഥിതി പ്രാധാന്യമുള്ള കുട്ടനാട്ടിലെ മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നിലം നികത്താന്‍ അഞ്ചു വകുപ്പുകളുടെ വിയോജനക്കുറിപ്പ് മറികടന്നാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. പ്രാദേശിക നിരീക്ഷണ സമിതിയും കുമരകം പഞ്ചായത്തും സര്‍ക്കാരിന്റെ അഞ്ചു വകുപ്പുകളും പദ്ധതിക്ക് എതിരായി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവു പ്രകാരം മെത്രാന്‍ കായല്‍ നികത്താനോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ല. മെത്രാന്‍ കായല്‍നികത്തുന്നത് ഭക്ഷ്യസുരക്ഷയെയും ജൈവവ്യവസ്ഥയെയും ബാധിക്കുമെന്ന് കൃഷിവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
ഫിഷറീസ് വകുപ്പാവട്ടെ ഉള്‍നാടന്‍ മല്‍സ്യോല്‍പാദനത്തെ ബാധിക്കുമെന്ന് റിപോര്‍ട്ട് നല്‍കി. നിലം നികത്തലും ഡ്രഡ്ജിങ്ങും വേണ്ട പദ്ധതിയെന്ന് ചൂണ്ടിക്കാട്ടി അനുമതി നല്‍കാനാവില്ലെന്ന് തദ്ദേശ വകുപ്പും അറിയിച്ചു. കേന്ദ്രനിയമമനുസരിച്ച് തണ്ണീര്‍ത്തടം നികത്താനാവില്ലെന്നായിരുന്നു പരിസ്ഥിതി വകുപ്പ് റിപോര്‍ട്ട്. ഇതെല്ലാം അട്ടിമറിച്ചാണ് സര്‍ക്കാര്‍ വയല്‍ നികത്തലിന് പച്ചക്കൊടി കാട്ടിയത്.
ഈ ഭൂമി കൃഷിക്ക് അനുയോജ്യമല്ലെന്ന കലക്ടറുടെ റിപോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ്. കലക്ടറുടെ നടപടിയില്‍ സംശയമുണ്ടെന്നും കലക്ടറെ തല്‍സ്ഥാനത്ത് നിന്നു പുറത്താക്കണമെന്നും അദ്ദേഹത്തിന്റെ കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ കോള്‍ ലിസ്റ്റ് പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും അവിഹിത ഇടപെടലിന് കമ്പനി ശ്രമിച്ചപ്പോള്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നു ശ്രമം വിഫലമാവുകയായിരുന്നു. പുതിയ ഉത്തരവ് പിന്‍വലിക്കുന്നതു വരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും 10ന് കോട്ടയം കലക്ടറേറ്റിന് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

[related]
Next Story

RELATED STORIES

Share it