മെത്രാന്‍ കായല്‍ നികത്താനുള്ള ഉത്തരവ് അഞ്ചു പ്രധാന വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന്; തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് സുധീരന്‍

തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്താനുള്ള റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് കൃഷി-പരിസ്ഥിതി വകുപ്പുകള്‍ ഉള്‍പ്പെടെ അഞ്ചു പ്രധാന വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന്. ബഹുരാഷ്ട്ര കമ്പനിയായ റെക്കിന്‍ഡോ ഡെവലപ്പേഴ്‌സ് ബിനാമി പേരില്‍ ഭൂമി സ്വന്തമാക്കിയെന്ന് കൃഷി ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒപ്പം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് കായല്‍ നികത്താന്‍ അനുമതി നല്‍കിയത് ഹൈക്കോടതി വിധി ലംഘിച്ചുമാണ്. മെത്രാന്‍ കായല്‍ നികത്തുന്നതിനും നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതിനും ഫെബ്രുവരിയിലാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്.
അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നിയമവിരുദ്ധമായി 425 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയ റവന്യൂ വകുപ്പിനെതിരേ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വീണ്ടും രംഗത്തെത്തി.
പാര്‍ട്ടിയുമായി ആലോചിക്കാതെയുള്ള ഈ തീരുമാനം കെപിസിസി ഉപസമിതിയുടെ നിലപാടിന് നിരക്കുന്നതല്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നും റവന്യൂ മന്ത്രിയോടും മുഖ്യമന്ത്രിയോടും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം വിവാദ തീരുമാനങ്ങള്‍ തിരിച്ചടിയാവുമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മെത്രാന്‍ കായല്‍ നികത്താന്‍ എല്‍ഡിഎഫ് ഭരണകാലത്ത് തത്ത്വത്തില്‍ അംഗീകാരം നല്‍കിയത് ടൂറിസം വകുപ്പായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൃശൂരില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
മെത്രാന്‍ കായലുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതി സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ പുനപ്പരിശോധന നടത്തും. കായല്‍ നികത്തണമെന്ന കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന് നിര്‍ബന്ധമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയം, എറണാകുളം ജില്ലകളിലായി 425 ഏക്കര്‍ നെല്‍വയലും തണ്ണീര്‍ത്തടവുമാണ് നികത്താന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയത്.
സ്വകാര്യ ടൂറിസം പദ്ധതിക്കായി അപ്പര്‍ കുട്ടനാട്ടിലെ മെത്രാന്‍ കായലില്‍ 378 ഏക്കറും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിനായി എറണാകുളം കടമക്കുടിയില്‍ 47 ഏക്കറും നികത്താനാണ് സര്‍ക്കാര്‍ തിരക്കിട്ട് ഉത്തരവിറക്കിയത്.
Next Story

RELATED STORIES

Share it