മെത്രാന്‍ കായല്‍: ഇടപെട്ടത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും

തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം അട്ടിമറിച്ച് കുമരകത്തെ മെത്രാന്‍ കായലില്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടതായി രേഖകള്‍. മെത്രാന്‍ കായലില്‍ യുഎഇ ആസ്ഥാനമായ റാക്കിന്‍ഡോ ഡെവലപ്‌മെന്റിന്റെ പദ്ധതിക്ക് 378 ഏക്കര്‍ വയല്‍ നികത്താന്‍ തത്ത്വത്തില്‍ അനുമതി നല്‍കിയാണ് ഉത്തരവിറക്കിയിരുന്നത്. റവന്യൂവകുപ്പ് സെക്രട്ടറിയുടെ വിയോജിപ്പ് മറികടന്നാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നും മന്ത്രിസഭായോഗത്തിലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരി 19ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ആഭ്യന്തര-റവന്യൂ മന്ത്രിമാരും കായല്‍ നികത്തുന്നതിന് അനുമതി നല്‍കാനാവുമോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലും റവന്യൂവകുപ്പ് കായല്‍ നികത്തുന്നതിനോട് വിയോജിച്ചിരുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം 2008 അനുസരിച്ച് അനുമതി നല്‍കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിട്ടും തത്ത്വത്തില്‍ അംഗീകാരം നല്‍കാമെന്ന് ഫെബ്രുവരി 20ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഫയലില്‍ കുറിച്ചു. 25ന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവയ്ക്കുകയും മന്ത്രിസഭായോഗത്തില്‍ വയല്‍ നികത്തുന്നതിന് തത്ത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനമെടുക്കുകയും ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് റവന്യൂവകുപ്പ് കായല്‍ നികത്താന്‍ അനുമതി നല്‍കി ഉത്തരവിറക്കിയത്.
പദ്ധതിക്ക് കോട്ടയം കലക്ടര്‍ ശുപാര്‍ശ ചെയ്തതായാണ് സര്‍ക്കാര്‍ വാദിച്ചത്. ജില്ലാ കലക്ടര്‍ കമ്പനിക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്ന് റവന്യൂ സെക്രട്ടറിയുടെ റിപോര്‍ട്ടിലും പറയുന്നു. കായല്‍നിലത്തില്‍ ഭൂമിയുള്ള അലക്‌സാണ്ടര്‍ എന്നയാള്‍ കൃഷിചെയ്യുന്നതിനായി അപേക്ഷ നല്‍കിയപ്പോഴും കലക്ടര്‍ കമ്പനിക്ക് അനുകൂലമായ നിലപാടാണ് എടുത്തത്.
Next Story

RELATED STORIES

Share it