മെത്രാന്‍മാരുടെ സംഘം ഫ്രാങ്കോയെ സന്ദര്‍ശിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ പാലാ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ മെത്രാന്‍മാരുടെ സംഘം സന്ദര്‍ശിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട മലങ്കര യാക്കോബായ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരാണ് ജയിലിലെത്തി ഫ്രാങ്കോയെ സന്ദര്‍ശിച്ചത്. ഇന്നലെ രാവിലെ 11.30ന് എത്തിയ സംഘം ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ 15 മിനിറ്റ് നേരം ഫ്രാങ്കോ മുളയ്ക്കലുമായി കൂടിക്കാഴ്ച നടത്തി.
പുറത്തിറങ്ങിയ മാര്‍ മാത്യു അറയ്ക്കല്‍ മാധ്യമങ്ങളോട് വളരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റംചെയ്തതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് 'യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയത് അദ്ദേഹം കുറ്റംചെയ്തിട്ടാണോ' എന്നായിരുന്നു പ്രതികരണം. നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല. ആയിരക്കണക്കിന് രക്തസാക്ഷികള്‍ സഭയിലുണ്ടായിട്ടുണ്ട്. അവര്‍ തെറ്റുചെയ്തവരാണോ എന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത് കോടതി തീരുമാനിക്കുമെന്നും മാധ്യമങ്ങള്‍ വിചാരണ നടത്തേണ്ട എന്നുമായിരുന്നു മറുപടി. നിങ്ങള്‍ ഇതുപോലെ ജയിലില്‍ കിടക്കുമ്പോഴേ നിങ്ങള്‍ക്ക് അതിന്റെ വിഷമം മനസ്സിലാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഞായറാഴ്ച വൈകീട്ട് ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയിരുന്നെങ്കിലും അവധിദിനമായതിനാല്‍ പ്രവേശനാനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ബിഷപ്പുമാരുടെ സംഘം വീണ്ടുമെത്തിയത്. സേവ് സിറോ മലബാര്‍ പ്രതിനിധികളും ഇന്നലെ ഫ്രാങ്കോയെ കാണാന്‍ ജയിലില്‍ എത്തി.
പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും രൂപതാ വക്താവ് ഫാ. മാത്യൂ ചന്ദ്രന്‍കുന്നേലും കഴിഞ്ഞദിവസം ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കോടനാട് പള്ളിവികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിലും ബിഷപ്പിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു.



Next Story

RELATED STORIES

Share it