thrissur local

മെഡി. കോളജ് വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമഗ്രമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ്മന്ത്രി കെ കെ ശൈലജ പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മെഡിക്കല്‍ കോളജില്‍ അക്കാദമിക് ബ്ലോക്ക്, ഇന്‍ഡോര്‍ സ്റ്റേഡിയം, എക്‌സാമിനേഷന്‍ ഹാള്‍, ക്ലിനിക്കല്‍ സോണ്‍ മുതലായവ ഉദ്ഘാടനത്തിനു തയ്യാറായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതി മാര്‍ച്ച് ആദ്യവാരം മുതല്‍ ഇവിടെ നടപ്പാക്കും. ട്രോമോ കെയര്‍ യൂനിറ്റ് മേയില്‍ പൂര്‍ത്തിയാക്കും. പുതിയരീതിയിലൂള്ള ഒ.പി. ബ്ലോക്കിന്റെ നിര്‍മ്മാണവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മെഡിക്കല്‍ കോളജിനെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ഇതിന്റെ ഭാഗമായി ന്യൂറോ, നെഫ്രോ, കാര്‍ഡിയോളജി വിഭാഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കും. പുതിയ നിയമനങ്ങളും മെഡിക്കല്‍ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് നടത്തും. മിനി ആര്‍.സി.സിയാക്കി മാറ്റുന്നതിനുള്ള നടപടികളും തുടങ്ങും. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടു കിടക്കുന്ന റോഡുകളുടെ നവീകരണം, സുരക്ഷാ നടപ്പാത നിര്‍മ്മാണം എന്നിവ വേഗത്തില്‍ പൂര്‍ത്തിയാക്കാനും  മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരള്‍ച്ചയെ നേരിടാന്‍ പത്ത് ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ജലസംഭരണി പീച്ചി ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെടുത്തി ഉടന്‍ സ്ഥാപിക്കും. പി.ജി. കോഴ്‌സിന് കൂടുതല്‍ സീറ്റുകള്‍ ഉള്‍പ്പെടുത്തി സാധാരണക്കാര്‍ക്ക് അവസരം നല്‍കും. ഇതിനായി കൂടുതല്‍ ഫാക്കല്‍റ്റികളെയും നിയമിക്കും. മെന്‍സ് ഹോസ്റ്റല്‍, ലേഡീസ് ഹോസ്റ്റലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനവും ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവിടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓങ്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികവോടെ ലഭ്യമാക്കും. മാലിന്യനിര്‍മ്മാര്‍ജനത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യവസായ വകുപ്പ്മന്ത്രി എ.സി.മൊയ്തീന്‍, എംപിമാരായ ഡോ.പി.കെ. ബിജു, സി.എന്‍ ജയദേവന്‍, എം.എല്‍.എമാരായ കെ.വി.അബ്ദുള്‍ ഖാദര്‍, യു.ആര്‍. പ്രദീപ്, അനില്‍ അക്കര, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ്, മെഡിക്കല്‍ കേളേജ് സൂപ്രണ്ട് ഡോ. ബിജുകൃഷ്ണന്‍, ലെയ്‌സണ്‍ ഓഫീസര്‍ ഡോ. സി.രവീന്ദ്രന്‍ തുടങ്ങി  മറ്റു ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it