kozhikode local

മെഡി. കോളജ് മലിനജല സംസ്‌കരണം: എംഎല്‍എമാര്‍ 10 ലക്ഷം വിതം നല്‍കും



കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നിന്ന് മായനാട്ടേക്ക് മലിനജലം ഒഴുകുന്നത് തടയുന്നതിനും മായനാട് കുളം ശുദ്ധീകരിക്കുന്നതിനുമുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ജില്ലയിലെ എല്ലാ എംഎല്‍എമാരും ആസ്തി വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം വീതം നല്‍കാന്‍ തീരുമാനം. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് മുന്നോട്ട് വച്ച നിര്‍ദേശം എംഎല്‍എമാര്‍ അംഗീകരിക്കുകയായിരുന്നു. എംഎല്‍എമാരായ സി കെ നാണു, എ കെ ശശീന്ദ്രന്‍, പി ടി എ റഹീം, എ പ്രദീപ്കുമാര്‍, ഇ കെ വിജയന്‍, വി കെ സി മമ്മദ്‌കോയ, കാരാട്ട് റസാഖ്, പുരുഷന്‍ കടലുണ്ടി എന്നിവരും മറ്റ് എംഎല്‍എമാരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. എംഎല്‍എമാരുടെ ആസ്തി വികസന പദ്ധതിയില്‍ 12 എംഎല്‍എമാര്‍ സമര്‍പ്പിച്ച 113 പദ്ധതികളില്‍ 78 എണ്ണം വിശദ പദ്ധതി റിപോര്‍ട്ടിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചു. ബാക്കിയുള്ളവ ഉടന്‍ കൈമാറും. ഒന്നാംഘട്ട പണി പൂര്‍ത്തിയാവുകയും രണ്ടാംഘട്ടത്തിന് ഭരണാനുമതി ലഭിക്കുകയും ചെയ്ത കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്റെ പരിസരത്ത് പോലിസ് പിടിച്ചിട്ട വാഹനങ്ങളും മണ്ണും നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുമാരമത്ത് കെട്ടിട വിഭാഗത്തിന് ജില്ലാ കലക്ടര്‍  നിര്‍ദേശം നല്‍കി. പി ടി എ റഹീം എംഎല്‍എയുടെ ആവശ്യപ്രകാരമാണ് നടപടി. കുന്ദമംഗലം ടൗണില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള റവന്യൂ ഭൂമി കൈയേറി നടത്തുന്ന അനധികൃത കച്ചവടം ഒഴിപ്പിക്കണമെന്ന എംഎല്‍എയുടെ ആവശ്യത്തില്‍ ഉടന്‍ നടപടിയുണ്ടാവും. മുക്കം മിനി സിവില്‍ സ്റ്റേഷനിലേക്ക് സബ് ട്രഷറി, രജിസ്‌ട്രേഷന്‍, കൃഷി ഓഫിസുകള്‍ മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. കൊടുവള്ളി റസ്റ്റ് ഹൗസ് നിര്‍മാണ പ്രഖ്യാപനം നടന്നിട്ട് 10 വര്‍ഷമായിട്ടും നടപടിയായില്ലെന്നും ഇതിന് ബ്ലോക്ക് പഞ്ചായത്ത് വിട്ടുനല്‍കിയ 25 സെന്റ് സ്ഥലം വെറുതെ കിടക്കുകയാണെന്നും കാരാട്ട് റസാഖ് എംഎ ല്‍എ പരാതിപ്പെട്ടു. നിര്‍മാണത്തിന് റിവൈസ് ചെയ്ത എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കാനാവുമെന്നും പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നരിക്കുനി ടൗണ്‍ നവീകരണത്തിനുള്ള നടപടി വേഗത്തിലാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കാത്ത്‌ലാബ് നിര്‍മിക്കുന്നതിനുള്ള റിവൈസ് ചെയ്ത എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഭരണാനുമതി ലഭിച്ചാല്‍ കെഎച്ച്ആര്‍ഡബ്ലിയുഎസ് മുഖേന നടപ്പാക്കുമെന്നും എ  പ്രദീപ്കുമാര്‍ എംഎല്‍എയെ എന്‍എച്ച്എം പ്രോഗ്രാം മാനെജര്‍ അറിയിച്ചു. നഗരത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ ഓഡിറ്റോറിയം ഡിസൈന്‍ വിങിന്റെ ഓഫിസായി ഉപയോഗിക്കുന്നത് ഒഴിവാക്കി ഓഡിറ്റോറിയമാക്കി നിലനിര്‍ത്തണമെന്ന എംഎല്‍എയുടെ ആവശ്യം യോഗം അംഗീകരിച്ചു. ഡിസൈന്‍ വിങിന്റെ ഓഫിസിന് വേറെ സ്ഥലം കണ്ടെത്തും. ജില്ലയിലെ ക്വാറികളിലെ പ്രവര്‍ത്തനം നിലച്ചത് തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനം നഷ്ടപ്പെടാനും നിര്‍മാണ പ്രവൃത്തികള്‍ സ്തംഭിക്കാനും കാരണമായതിനാല്‍ ക്വാറികള്‍ക്കുള്ള അപേക്ഷകളില്‍ നിയമാനുസൃതം ഉടന്‍ അനുമതി നല്‍കാന്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ ആവശ്യപ്പെട്ടു. ബാലുശ്ശേരി മണ്ഡലത്തിലെ ഉള്ളൂര്‍ക്കടവ് പാലം വികസനവുമയി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും.  ജില്ലയിലെ റോഡുകളിലുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഇ കെ വിജയന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മരം മുറിച്ചു മാറ്റല്‍ അത്യാവശ്യമായ സ്ഥലങ്ങളില്‍ ബന്ധപ്പെട്ട വകുപ്പ് അപേക്ഷ നല്‍കിയാല്‍ ദുരന്ത നിവാരണ നിയമപ്രകാരം അനുമതി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അന്തരിച്ച സംവിധാകന്‍ ഐ വി ശശി, സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരോടുള്ള ആദരസൂചകമായി യോഗം ഒരു മിനിറ്റ് മൗനമാചരിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, എഡിഎം ടി ജനില്‍ കുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം എ ഷീല, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it