Kottayam Local

മെഡി. കോളജ് ആശുപത്രിയുടെ വികസനത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് ആരോഗ്യ മന്ത്രി



ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിനു മുന്തിയ പരിഗണന നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഉടന്‍തന്നെ ആരംഭിക്കാനും പൂര്‍ത്തീകരിക്കാനും തയ്യാറാവണമെന്നും അതിനു ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ്, മെഡിക്കല്‍ കോളജ് അധികൃതരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണു പദ്ധതി നടത്തിപ്പു സംബന്ധിച്ച് തീരുമാനമുണ്ടായത്. കാന്‍സര്‍ രോഗികളുടെ രോഗം വന്ന ഭാഗം മാത്രം റേഡിയേഷന്‍ ചെയ്യാന്‍ കഴിയുന്ന ആധുനിക ഉപകരണമായ ലീനിയര്‍ ആക്‌സിലേറ്റര്‍ വാങ്ങാന്‍ അധികമായി 3.8 കോടി രൂപ അനുവദിച്ചു. എട്ടു കോടി രൂപയായിരുന്ന സര്‍ക്കാര്‍ ആദ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ 11.38 കോടിയാണ് ടെന്‍ഡര്‍ തുകയന്നതിനാല്‍ അധിക തുക നല്‍കാനാണ് തീരുമാനം. ഇതുവാങ്ങുന്നതിനു കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ആര്‍ദ്രം പദ്ധതി പ്രകാരം അത്യാഹിത വിഭാഗം ഫാര്‍മസി, കാന്‍സര്‍, ഒപി, ഗൈനക്കോളജി ഒപി എന്നിവിടങ്ങളില്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമ കേന്ദ്രം ജനുവരിയില്‍ പൂര്‍ത്തീകരിക്കാനും തുടര്‍ന്ന് രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കാനുമുള്ള നടപടി തുടങ്ങാനും തീരുമാനിച്ചു. എല്ലാ ഒപികളും ആധുനിക സൗകര്യങ്ങളോടു കൂടി ഇന്റീരിയര്‍ ഡിസൈനിങ് സംവിധാനമുള്ളവയാക്കുവാനും അതിന്റെ  നിര്‍മാണ ചുമതല ഹിന്ദുസ്ഥാന്‍ ലിമിറ്റഡിനെ ഏല്‍പ്പിക്കുവാനും തീരുമാനിച്ചു. പുതിയതായി അനുവദിക്കപ്പെട്ടിട്ടുള്ള സിടി സ്‌കാനിങ് മിഷ്യന്‍, ഹൃദ്‌രോഗവിഭാഗത്തിനുള്ള കാത്ത് ലാബ് എന്നിവയുടേയും പ്രവര്‍ത്തനം മാര്‍ച്ചുമാസത്തില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കേണ്ടതരത്തില്‍ നടപടി തുടങ്ങാന്‍ കെഎംഎസ്‌സിഎല്ലിനെ ചുമതലപ്പെടുത്തി. മാലിന്യം കത്തിച്ചുകളയുന്നതിനുള്ള ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിന് സുരേഷു കുറുപ്പ് എംഎല്‍എ 35 ലക്ഷം രൂപ അനല്‍കുമെന്നുള്ളതിനാല്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനവും, കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിക്കുന്ന തീപൊള്ളലേറ്റവര്‍ക്കായുള്ള തീവ്ര പരിചരണ വിഭാഗത്തിന്റെ നിര്‍മാണ ചുമതലയും, കെഎംഎസ്‌സിഎല്ലിനു നല്‍കി. കോട്ടയം മെഡിക്കല്‍ കോളജിനു വളരെ അത്യാവശ്യമായ എംആര്‍ഐ സ്‌കാനിങ് മെഷീന്‍, കാന്‍സര്‍ രോഗികള്‍ക്കുള്ള സിടി സ്‌കാന്‍ സിമുലേറ്റര്‍ എന്നിവ വാങ്ങുന്നതിന് ഒരു പ്രോജക്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി കോളജ് അധികൃതരോട് ആവശ്യപ്പെട്ടു. 20 ലക്ഷം രൂപ മുടക്കി ഒരു കോളജ് ബസ് വാങ്ങാനും തീരുമാനിച്ചു.ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ  കണ്ടെത്തലിനെ തുടര്‍ന്ന് മെഡിസിന്‍ പിജി സീറ്റുകളുടെ നഷ്ടപ്പെട്ട അംഗീകാരം പുനസ്ഥാപിക്കാന്‍ അഞ്ചാം വാര്‍ഡിന്റെ ടെറസില്‍ ഒരു വാര്‍ഡ് നിര്‍മിക്കാന്‍ 65 ലക്ഷം രൂപ നല്‍കാനും ഇതിന്റെ നിര്‍മാണം കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫയര്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാനും പദ്ധതി നടത്തിപ്പിനായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവിയെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിക്കാനും തീരുമാനിച്ചു. പിഡബ്ല്യുഡി, ആര്‍ദ്രം പദ്ധതി, ബേണ്‍സ് ഐസിയു തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം ഡോ. അജയകുമാറിനെ ചുമതലപ്പെടുത്തി. സുരേഷ് കുറുപ്പ് എംഎല്‍എ, ഡിഎംഇ റംല ബീവി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍, ആശുപത്രിയിലെ മുഴുവന്‍ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it