kozhikode local

മെഡി. കോളജ് ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ല; രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യത്തിനു മരുന്നില്ലാതെ രോഗികള്‍ വലയുന്നു. ജീവന്‍രക്ഷാ മരുന്നുകളടക്കം വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കാത്തതാണ് രോഗികളെ വലയ്ക്കുന്നത്.
കേരള മെഡിക്കല്‍ ആന്റ് സര്‍വീസസ് കോര്‍പറേഷന്‍ മുഖേന വിതരണം ചെയ്യുന്ന 152 ഇനം മരുന്നുകളാണ് മെഡിക്കല്‍ കോളജില്‍ ഇല്ലാത്തത്. മസ്തിഷ്‌ക രോഗങ്ങള്‍, അപസ്മാരം, മനോവൈകല്യങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ദീര്‍ഘകാലം കഴിക്കേണ്ടതോ വിലകൂടിയതോ ആയ മരുന്നുകളാണ് ഇവയില്‍ ഏറെയും. നാഡീ സംബന്ധമായ രോഗങ്ങള്‍ക്കും ഗില്ലന്‍ബാരി സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ക്കുമുള്ള ഇമ്യൂണോഗ്ലോബുലിന്‍, ആല്‍ബുമിന്‍ മരുന്നുകളും വിതരണം നിര്‍ത്തിയിരിക്കുകയാണ്. ഇമ്യൂണോഗ്ലോബുലിന്‍ ഒരു ബോട്ടിലിന് സ്വകാര്യ സ്‌റ്റോറുകളില്‍ 16,000 രൂപയാണ് കൊടുക്കേണ്ടത്. ഒരു രോഗിക്ക് 40 ബോട്ടില്‍ ആണ് സാധാരണ വേണ്ടത്. തീര്‍ത്തും സൗജന്യമായി നല്‍കിയിരുന്ന ഈ മരുന്ന് ലക്ഷങ്ങള്‍ മുടക്കി വാങ്ങേണ്ടിവരുന്നു. സൗജന്യമായി നല്‍കിയിരുന്ന ആല്‍ബുമിന് ഒരു ബോട്ടിലിന് 4,000 രൂപയാണ് പുറത്തുള്ള വില. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കും അര്‍ബുദം, ഹൃദ്രോഗം, മസ്തിഷ്‌ക രോഗങ്ങള്‍ എന്നിവയ്ക്കും മാനസികവൈകല്യങ്ങള്‍, അപസ്മാരം എന്നിവയ്ക്കുമുള്ള മിക്ക മരുന്നുകളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലഭിക്കുന്നില്ല. ആവശ്യമായ വിവിധ മരുന്നുകളില്‍ 20 ശതമാനം പോലും വിതരണം ചെയ്യുന്നില്ലെന്ന് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു.
ദീര്‍ഘകാലം കഴിക്കേണ്ട മാനസിക വൈകല്യങ്ങള്‍ക്കുള്ള സൗജന്യ മരുന്ന് നിര്‍ത്തിയാല്‍ രോഗികള്‍ക്കത് വന്‍ ബാധ്യതവരുത്തും. ഇരുപതില്‍ പരം മരുന്നുകളാണ് ഈ രോഗികള്‍ക്ക് വിതരണം ചെയ്തിരുന്നത്. ഇത് നാലോ അഞ്ചോ ആയി ചുരുക്കി. പ്രധാനമായും വേണ്ടവ തീരെ ഇല്ല. പകര്‍ച്ചവ്യാധികള്‍ക്ക് നല്‍കുന്ന വിവിധ ആന്റിബയോട്ടിക്കുകളില്‍ പലതും ലഭിക്കുന്നില്ല. മെഡിക്കല്‍ കോളജില്‍ ലഭിക്കാത്ത ഒരു ഇഞ്ചക്ഷന് ഏഴായിരം രൂപയോളം സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ വിലവരും. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലും ദന്തല്‍ കോളജിലും ജനറിക് മരുന്നുകള്‍ സൗജന്യമായി രോഗികള്‍ക്ക് ലഭിക്കുന്നില്ല.
Next Story

RELATED STORIES

Share it