kozhikode local

മെഡി. കോളജ് അത്യാഹിതവിഭാഗം വെന്റിലേറ്ററില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയെടുക്കാന്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് മടി. ജൂനിയര്‍ ഡോക്ടര്‍മാരും പിജി വിദ്യാര്‍ഥികളുമാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ പരിശോധിക്കുന്നത്. പകല്‍ സമയങ്ങളില്‍പ്പോലും മെഡിക്കല്‍ ഓഫിസര്‍മാരുടെ സേവനം മുഴുവന്‍ സമയവും അത്യാഹിത വിഭാഗത്തില്‍ കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. രാത്രി ഡ്യൂട്ടിയിലുള്ള മെഡിക്കല്‍ ഓഫിസര്‍മാരില്‍ ഭൂരിഭാഗവും വീട്ടിലാണ് വിശ്രമമെന്ന് ആരോപണമുണ്ട്.
രോഗികളേയും ഡ്യൂട്ടിയിലുള്ള മറ്റുള്ളവരേയും സീനിയര്‍ ഡോക്ടര്‍മാര്‍ വട്ടം കറക്കുന്നതായും ആക്ഷേപമുണ്ട്. ഒടുവില്‍ അത്യാസന്ന നിലയിലുള്ള രോഗികളെയുമായി ബന്ധുക്കള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കൂടുതല്‍ ആവശ്യമുള്ള സര്‍ജറി മെഡിസിന്‍, ഓര്‍ത്തോ വിഭാഗങ്ങളിലെ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരും ഡോക്ടര്‍മാരും പലപ്പോഴും ഉണ്ടാവാറില്ല. പൊട്ടിയ എല്ലുമായി വേദന സഹിച്ച് എത്തുന്ന രോഗികള്‍ പരിചരണത്തിനായി മണിക്കൂറുകളോളം കാക്കണം. മിക്കപ്പോഴും ജൂനിയര്‍ ഡോക്ടര്‍മാരാണ് പ്രധാന ശസ്ത്രക്രിയകള്‍ പോലും ചെയ്യുന്നത്.
ഇഎന്‍ടി, ഓഫ്താല്‍മോളജി, ദന്തവിഭാഗം തുടങ്ങിയവയിലെല്ലാം മെഡിക്കല്‍ ഓഫിസര്‍മാര്‍ സന്ദര്‍ശകര്‍ മാത്രമാവുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കു പോലും ഒരു മണിക്കൂറിലധികം വൈകിയാണ് ഡോക്ടര്‍മാര്‍ എത്തുന്നത്. മെഡിക്കല്‍ ഓഫിസര്‍മാര്‍ ഒപി കഴിഞ്ഞാല്‍ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിക്കെത്തണമെന്നാണ് നിബന്ധന. എന്നാല്‍ അസിസ്റ്റിന്റ് പ്രഫസര്‍മാര്‍ മുതല്‍ ഉയര്‍ന്ന തസ്തികയിലുള്ളവര്‍ വരെ പലപ്പോഴും അത്യാഹിത വിഭാഗത്തില്‍ തല കാണിച്ച് മുങ്ങുകയാണ് പതിവ്. പ്രതിദിനം അഞ്ഞൂറിലധികം ആളുകള്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്നുണ്ട്. അപകടങ്ങളില്‍ പരിക്കേറ്റവരാണ് ഇതില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് നല്‍കേണ്ട അവശ്യ മരുന്നുകള്‍ പോലും അത്യാഹിത വിഭാഗത്തില്‍ ലഭ്യമല്ല.
മൂത്രാശയരോഗം, വൃക്കരോഗം തുടങ്ങിയ സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ടര്‍മാരെ അത്യാഹിത വിഭാഗത്തില്‍ നിയമിച്ചിട്ടില്ല. ഈ വിഭാഗത്തില്‍പെട്ടവരെ മെഡിസിന്‍ വാര്‍ഡില്‍ അഡ്്മിറ്റ് ചെയ്ത ശേഷം സൂപ്പര്‍ സെപ്ഷ്യാലിറ്റിയിലേക്ക് മാറ്റുകയാണ് പതിവ്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് വിശ്രമിക്കുവാന്‍ പോലും മതിയായ സൗകര്യമില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു. അത്യാഹിത വിഭാഗത്തിലെ മുകളില്‍ വിശ്രമസ്ഥലം അപര്യാപ്തമാണെന്നാണ് പരാതി. 1961 മുതലുള്ള സ്റ്റാഫ് പാറ്റേണ്‍ പ്രകാരമാണ് ഡോക്ടര്‍മാരെ നിയമിക്കുന്നത്. രോഗികളുടെ എണ്ണത്തിനനുസരിച്ച് അടിസ്ഥാന സൗകര്യമില്ലാത്തതാണ് അത്യാഹിത വിഭാഗം നേരിടുന്ന മറ്റൊരു പ്രതിസന്ധി.
അമ്പതോളം കട്ടിലുകളാണ് അത്യാഹിത വിഭാഗത്തിലെ നിരീക്ഷണവാര്‍ഡില്‍ പുരുഷ ന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായുള്ളത്. പലപ്പോഴും ഒരു കട്ടിലി ല്‍ രണ്ടും മൂന്നും രോഗികളെ ഒരുമിച്ച് കിടത്തേണ്ട അവസ്ഥയാണ്. ഗുരുതരമായി മുറിവേറ്റവരെപോലും മറ്റു മാരക രോഗങ്ങളുള്ളവര്‍ക്കൊപ്പം കിടത്തുന്നത് അണുബാധക്ക് കാരണമാവുന്നതായി ആക്ഷേപമുണ്ട്. രോഗികളേയും ഒപ്പം വന്നവരേയും കൊണ്ട് തിങ്ങി നിറഞ്ഞ നിരീക്ഷണ വാര്‍ഡില്‍ നിന്നു തിരിയാന്‍ പോലും സ്ഥലമില്ല. ഇത്രയും പേര്‍ക്ക് ആകെയുള്ളത് രണ്ടു ബാത്ത്‌റൂമുകള്‍.
Next Story

RELATED STORIES

Share it