kozhikode local

മെഡി. കോളജില്‍ ഹെമറ്റോളജി കേന്ദ്രം തുടങ്ങാന്‍ ശുപാര്‍ശ

കോഴിക്കോട്: പ്രായവ്യത്യാസമില്ലാതെ മുഴുവന്‍ മാരക രക്തജന്യ രോഗികളെയും ചികില്‍സിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക ഹെമറ്റോളജി കേന്ദ്രം തുടങ്ങാന്‍ നിയമസഭയുടെ ഹരജികള്‍ സംബന്ധിച്ച സമിതി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. ഇത് സംബന്ധിച്ച് പെറ്റീഷന്‍സ് കമ്മിറ്റി മുമ്പാകെ വന്ന പരാതി പരിഗണിക്കവെ നിയമസഭാ സമിതി ചെയര്‍മാന്‍ രാജു അബ്രഹാം എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന നിയമസഭാ സമിതിയുടെ സിറ്റിങില്‍ എംഎല്‍എമാരായ സി മമ്മുട്ടി, ആര്‍ രാമചന്ദ്രന്‍, പി ഉബൈദുള്ള, ജില്ലാ കലക്ടര്‍ യു വി ജോസ്പങ്കെടുത്തു. പതിനെട്ട് വയസ്സില്‍ താഴെയുള്ള തലാസീമിയ, ഹീമോഫീലിയ, സിക്കിള്‍സെല്‍ തുടങ്ങിയ എല്ലാ രക്തജന്യ രോഗികള്‍ക്കും നിലവില്‍ മെഡി. കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികില്‍സയുണ്ട്. എന്നാല്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ സൗകര്യം ഉറപ്പു വരുത്തണമെന്നാണ് സമിതി മുമ്പാകെ ബ്ലഡ് പേഷ്യന്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടന പരാതി ഉന്നയിച്ചത്. ഇക്കാര്യം പരിഗണിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശ നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. മേജര്‍ ഓപറേഷനുകള്‍ നടത്തുന്നതിനു മുമ്പ് ആശുപത്രികള്‍ നിര്‍ബന്ധമായും രോഗികളുടെ ബന്ധുക്കളെ കൗണ്‍സലിങ് നടത്തണമെന്നും ഇതില്‍ വീഴ്ച വരുത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരേ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സിറ്റിങില്‍ 13 പരാതികള്‍ പരിഗണിച്ചു. പുതുതായി ഏഴ് ഹരജികള്‍ ലഭിച്ചു.
Next Story

RELATED STORIES

Share it