Kottayam Local

മെഡി. കോളജില്‍ തീര്‍ത്ഥാടകരായ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

ആര്‍പ്പുക്കര: മണ്ഡലകാലം ആരംഭിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടുന്ന ശബരിമല തീര്‍ത്ഥാടകരായ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. എന്നാല്‍ രോഗികളെ വാഹനത്തില്‍ നിന്നു ഇറക്കി അത്യാഹിതത്തില്‍ എത്തിക്കുന്നതിനും വാര്‍ഡുകളിലേക്കു കൊണ്ടുപോവുന്നതിനും അറ്റന്‍ഡര്‍മാരുടെ അഭാവം നേരിടുന്നുണ്ട്. മണ്ഡലകാലം ആരംഭിച്ചതോടെ തീര്‍ത്ഥാടകരായ രോഗികളും മറ്റു രോഗികളും അടക്കം നൂറുകണക്കിന് പേരാണ് രാപകല്‍ വ്യത്യാസമില്ലാതെ അത്യാഹിത്തില്‍ ചികില്‍സ തേടുന്നത്. വാഹനത്തില്‍ കൊണ്ടുവരുന്ന രോഗികളെ വാഹനത്തില്‍ നിന്നു താഴെയിറക്കി സ്‌ട്രെച്ചറില്‍ കിടത്തി തള്ളി അത്യാഹിതത്തില്‍ എത്തിക്കുന്നതിന് ഓരോ ഷിഫ്റ്റിലും ഒരു അറ്റന്‍ഡര്‍ വീതം മാത്രമേ ഡ്യൂട്ടിയിലുണ്ടായിരിക്കുകയുള്ളു. ഇക്കാരണത്താല്‍ തുടര്‍ച്ചയായി രോഗികളുമായി വാഹനങ്ങള്‍ എത്തുമ്പോള്‍ ഡ്യൂട്ടിയിലുള്ള അറ്റന്‍ഡര്‍ നന്നായി വിഷമിക്കേണ്ടി വരുന്നു.
സ്വകാര്യ ആശുപത്രികളില്‍ ഒന്നിലധികം പേരാണ് ഈ ജോലി ചെയ്യുന്നത്. രോഗികളെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്നതിന് ഒരേ സമയം രണ്ട് അറ്റന്‍ഡര്‍മാര്‍ ഉണ്ടെങ്കില്‍ പ്രതിസന്ധിക്കു പരിഹാരമാവും. ഇതിനു പുറമെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സ കഴിഞ്ഞ് രോഗികളെ വാര്‍ഡില്‍ എത്തിക്കുന്നതിനും അറ്റന്‍ഡര്‍മാരുടെയും നഴ്‌സിങ് അസിസ്റ്റന്റുമാരുടെയും അഭാവം നേരിടുന്നുണ്ട്. 28ഓളം വാര്‍ഡുകളും ലാബ്, സ്‌കാനിങ് തുടങ്ങിയ വിവിധ വിഭാഗങ്ങളും മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്യാഹിതത്തില്‍ നിന്ന് രോഗികളെ വിവിധ വാര്‍ഡുകളിലേക്കും വിവിധ പരിശോധനകള്‍ക്കും സ്‌ട്രെച്ചറില്‍ കിടത്തി കൊണ്ടുപോവുന്നതിനു മുന്നുപേരാണ് ഉള്ളത്. സ്‌ട്രെച്ചറില്‍ കിടക്കുന്ന രോഗിയുമായി ആശുപത്രിയുടെ വിവിധ ഭാഗങ്ങള്‍ ചുറ്റി വേണം വാര്‍ഡുകളിലെത്താന്‍. ഇതിനു തന്നെ 15 മിനിറ്റോളം പിന്നിടണം. ലിഫ്്്റ്റുകള്‍ തകരാറാണെങ്കില്‍ കുടുതല്‍ ബുദ്ധിമുട്ട് നേരിടണം.
അരമണിക്കുറെങ്കിലും വേണ്ടിവരും ഒരു രോഗിയുമായി വാര്‍ഡിലേക്ക് പോയിട്ടുള്ള അറ്റന്‍ഡര്‍ തിരിച്ചെത്താന്‍. ഈ സമയം നിരവധി രോഗികളായിരിക്കും വാര്‍ഡിലേക്കു പോവാന്‍ സ്‌ട്രെച്ചറുമായി വരുന്ന അറ്റന്‍ഡര്‍മാരെ കാത്തിരിക്കുക. ജീവനക്കാരെ കാണാതെ വരുമ്പോള്‍ രോഗിയുടെ കൂടെ വരുന്നവര്‍ തന്നെ അത്യാഹിതത്തിനു സമീപത്ത് കിടക്കുന്ന സ്‌ട്രെച്ചറും ട്രോളിയും എടുത്ത് രോഗിയെ സ്‌കാനിങിനും എക്‌സറേയ്ക്കും ലാബ് പരിശോധനയ്ക്കും കൊണ്ടുപോവുന്നത് പതിവാണ്.
Next Story

RELATED STORIES

Share it