Kollam Local

മെഡിസിറ്റി കിഡ്‌നി ഫൗണ്ടേഷന് നാളെ തുടക്കം

കൊല്ലം: ലോക വൃക്കദിനത്തോട് അനുബന്ധിച്ച് ഇന്നും നാളെയും ട്രാവന്‍കൂര്‍ മെഡിസിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.

ഒപ്പം ജില്ലയിലെ നിര്‍ദ്ദനരായ രോഗികള്‍ക്ക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ആവിഷ്‌കരിച്ച ട്രാവന്‍കൂര്‍ മെഡിസിറ്റി കിഡ്‌നി ഫൗണ്ടേഷനു തുടക്കം കുറിക്കുമെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാഹുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൃക്കരോഗ ബോധവല്‍ക്കരണം ലക്ഷ്യമാക്കി ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഘുചിത്രീകരണങ്ങള്‍ അവതരിപ്പിക്കും. നാളെ വൈകീട്ട് 4.30ന് വൃക്കദിന റാലി തട്ടാമലയില്‍ നിന്ന് ഫഌഗ്ഓഫ് ചെയ്യും. 5.30ന് മെഡിസിറ്റി അങ്കണത്തില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ വച്ച് കിഡ്‌നി ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്യും. ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും സഹകരണത്തോടെയാണ് ഫൗണ്ടേഷന് തുടക്കം കുറിക്കുന്നത്.
ഇവര്‍ സ്വരൂപിച്ച മൂലധനനിധി ഉപയോഗിച്ച് ജില്ലയിലെ പരമാവധി വൃക്കരോഗികള്‍ക്ക് ശസ്ത്രക്രിയാസഹായം ലഭ്യമാക്കും. വൃക്കദാനം പ്രോല്‍സാഹിപ്പിക്കുന്ന മാതൃകാപ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ മെഡിസിറ്റി ഗാര്‍ഡിയന്‍, സെന്റിനല്‍ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിക്കും.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മെഡിസിറ്റി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കേറ്റുകളും വിതരണം ചെയ്യും. നെഫ്രോളജി വിഭാഗം മേധാവി ഡോ. ശ്രീദാസ് ഗോപാലകൃഷ്ണന്‍, യൂറോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ബേബി മാത്യു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it