thrissur local

മെഡിസിന്‍ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ട് കോടി തട്ടിയെടുത്ത പ്രതി അറസ്റ്റില്‍



ചാലക്കുടി: ബാംഗ്ലൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ ബിരുദാനന്തര ബിരുദത്തിന് സീറ്റ് വാഗ്ദാനം ചെയ്ത് രണ്ട് കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് ഷാജുവും സംഘവും കാസര്‍കോട് നിന്നും അറസ്റ്റ് ചെയ്തു. കാസര്‍കോട് ചെറുവത്തൂര്‍ പടന്ന സ്വദേശി പിവികെവീട്ടില്‍ മുസൈഫ് ഷാന്‍ മുഹമ്മദ്(23)ആണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായ ചാലക്കുടി സ്വദേശിയായ യുവ ഡോക്ടറുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതി ബാംഗ്ലൂര്‍ മടിവാളയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ റേഡിയോളജി എംഡി കോഴ്‌സിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് ഉറപ്പ് നല്കി 2016ഓക്‌ടോബര്‍ മുതല്‍ 2017 വരെ പല തവണകളായി നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയുമാണ് പണം കൈപ്പറ്റിയത്. സമയമായപ്പോള്‍ ബാംഗ്ലൂരിലുള്ള മെഡിക്കല്‍ കോളജില്‍ കൂട്ടികൊണ്ട് പോയി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണെന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തുകയും ഇരുപത് ലക്ഷം രൂപ കൂടി ആവശ്യമുണ്ടെന്നും ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംശയം തോന്നിയ ഡോക്ടര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ബാംഗ്ലൂരില്‍ സീറ്റില്ലെന്നും പൂനയില്‍ സീറ്റ് റെഡിയായിട്ടുണ്ടെന്നും ബാക്കി പണം ഉടന്‍ തരണമെന്നും പറഞ്ഞു. പണം നല്‍കാന്‍ വിസമ്മതിച്ച ഡോക്ടറുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുമെന്നും ഡോക്ടറായി ജോലി നോക്കാന്‍ അനുവദിക്കില്ലെന്നും പ്രതി ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഡോക്ടര്‍ പോലിസില്‍ പരാതി നല്കിയത്.  പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ബാംഗ്ലൂര്‍ കേന്ദ്രമാക്കി മത്തിക്കര എന്ന സ്ഥലത്ത് സീക്കേഴ്‌സ് ഗ്ലോബല്‍ എന്ന പേരില്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തിവരികയാണെന്നുള്ള അറിവ് ലഭിച്ചു. പോലിസ് അന്വേഷണം മനസ്സിലാക്കിയ പ്രതി അവിടെ നിന്നും കാസര്‍ക്കോട്ടേക്ക് കടന്നു. പ്രതിയുടെ നീക്കം മനസ്സിലാക്കിയ പോലിസ് ഇയാളെ പിന്‍തുര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിവൈഎസ്പി, ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ജയേഷ് ബാലന്‍, അഡീഷണല്‍ എസ്‌വൈിഎസ് വത്സകുമാര്‍, ക്രൈം സ്‌കോഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, അജിത് കുമാര്‍, മൂസ വിഎസ്, പിഎ ഷിജോ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it