മെഡിക്കല്‍ സീറ്റ് തട്ടിപ്പ് 200 വിദ്യാര്‍ഥികളില്‍ നിന്ന് 25 കോടി തട്ടിച്ച ആറംഗസംഘം അറസ്റ്റില്‍

ബംഗളൂരു: വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 200 വിദ്യാര്‍ഥികളില്‍ നിന്നായി 25 കോടി രൂപ തട്ടിയ അന്തര്‍സംസ്ഥാന സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു.
ആന്ധ്രപ്രദേശ് സ്വദേശികളായ സുമന്‍, ദിലീപ്, യദു കോണ്‍ഡാല, കര്‍ണാടക സ്വദേശികളായ ആയിശബാനു, രംഗ, ഭാശ എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശില്‍ അമേരിക്കന്‍ സര്‍വീസ് സെന്റര്‍ എന്ന പേരില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം തുറന്നാണ് സംഘം തട്ടിപ്പിന് തുടക്കമിട്ടതെന്ന് ഡിസിപി ഡോ. ബോറലിംഗ ഗൗഡ പറഞ്ഞു.
തുടര്‍ന്ന് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, തിരുപ്പതി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ സ്ഥാപിച്ചു.
വിദേശ സര്‍വകലാശാലകളില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് സംഘം പ്രവര്‍ത്തിച്ചത്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ നിന്ന് 25 മുതല്‍ 30 ലക്ഷം വരെ കൈക്കലാക്കി ഇവരെ സന്ദര്‍ശക വിസയില്‍ വിദേശങ്ങളിലെത്തിച്ച് യൂനിവേഴ്‌സിറ്റികളില്‍ പണമടയ്ക്കാതെ മുങ്ങുകയായിരുന്നു.
ചെന്നൈയില്‍ വഞ്ചനാകേസ് ഫയല്‍ ചെയ്തതോടെ പേരുമാറ്റി പ്രവര്‍ത്തനം തുടര്‍ന്ന സംഘം ചെന്നൈയിലെയും ഹൈദരാബാദിലെയും വിവിധയിടങ്ങളില്‍ ബ്രാഞ്ച് തുറക്കുകയും ചെയ്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it