malappuram local

മെഡിക്കല്‍ സിറ്റിയിലെ സര്‍ക്കാര്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് സന്നദ്ധ സംഘടനകളുടെ കനിവില്‍

നഹാസ് എം നിസ്താര്‍   

പെരിന്തല്‍മണ്ണ:  ജില്ലാ ആശുപത്രിയുടെ ദൈനംദിന കാര്യങ്ങള്‍ നടക്കുന്നത് ഇപ്പോള്‍ വിവിധ സന്നദ്ധ സംഘടനകളുടെ കനിവിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗിയുടെ ടോക്കണ്‍ രസീതി മുതല്‍ ഗുളിക കവറും ഇരിപ്പിടവും ഭക്ഷണം വരെ ഇത്തരം സംഘടനകളാണ് നല്‍കുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി ഉണ്ടാക്കിയെടുത്ത കൂട്ടായ്മയുടെ വിജയമാണ് ആശുപത്രിക്ക് സഹായമാവുന്നത്. ആശുപത്രിയുടെ അവശ്യകാര്യങ്ങള്‍ വരെ നിലനിര്‍ത്തുന്നത് സര്‍ക്കാരല്ല, മറിച്ച് സന്നദ്ധ സംഘടനകളാണ്. ഇതില്‍ മനഴി സ്മാരക ട്രസ്റ്റ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രാവിലെ സൗജന്യ കഞ്ഞിയും ശിഹാബ് തങ്ങള്‍ ട്രസ്റ്റ് രാത്രികാല ഭക്ഷണവും നല്‍കും.
വിവിധ രാഷ്ട്രീയ-മത സംഘടനകളുടെ ഇടപെടലില്‍ രോഗികള്‍ക്ക് കട്ടിലുകളും ഇരിപ്പിടങ്ങളും ലഭിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമത്തിന് ആശ്വാസമായി ശുദ്ധജല വിതരണ കമ്പനിക്കാരുടെ വക വെള്ളം എത്തിച്ചും മരുന്നു കവര്‍, ടോക്കണ്‍ രസീതി, എക്‌സറേ കവര്‍ തുടങ്ങിയവയും വിവിധ സ്ഥാപനങ്ങളുടെ സൗജന്യത്തില്‍ത്തന്നെയാണ്.
ആശുപത്രി പരിസരത്തെ മാലിന്യം നീക്കല്‍ വിവിധ കോളജിലെ വിദ്യാര്‍ഥികളുടെ വകയാണ്. മോര്‍ച്ചറി സൗകര്യങ്ങള്‍ക്ക് നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളും ചുരുക്കം ചില വ്യക്തികളുമാണ് പണമിറക്കി സഹായിച്ചത്. ആധുനിക ബ്ലഡ് ബാങ്കിലേയ്ക്കാവശ്യമായ സജീകരണങ്ങളും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്ക് കാര്യമായ വരുമാനം രോഗികള്‍ക്കൊപ്പവും അവരെ സന്ദര്‍ശിക്കാനെത്തുന്നവരെയും പിഴിഞ്ഞെടുക്കലിലാണ്. വാഹന പാര്‍ക്കിങ്, സന്ദര്‍ശക പാസ് എന്നിവ ഇതിനുദാഹരണങ്ങളാണ്. കഴിഞ്ഞ ദിവസം ഒരുപറ്റം വിദ്യാര്‍ഥികളുടെ ഇടപെടലില്‍, ഒഴിവാക്കപ്പെട്ട 30 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗയോഗ്യമായി. ജില്ലാ ആശുപത്രിയിലെ 30 ലക്ഷത്തോളം രൂപ വിലവരുന്ന ഒഴിവാക്കപ്പെട്ട ഉപകരണങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കി മരവട്ടം കോട്ടക്കല്‍ മലബാര്‍ പോളിടെക്‌നിക് കോളജിലെ എന്‍എസ്എസ് യൂനിറ്റ് വോളന്റിയര്‍മാരാണ് മാതൃക കാണിച്ചത്.
ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ “പുനര്‍ജനി “എന്ന പേരു നല്‍കിയ പ്രത്യേക സാമൂഹികസേവന പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. പ്രധാനമായും ആശുപത്രികളില്‍ കേടുപാടുസംഭവിച്ച് ഉപയോഗിക്കാതെ കിടക്കുന്ന ഫര്‍ണിച്ചറുകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടത്തി പഴയതുപോലെ തന്നെ വീണ്ടും ഉപയോഗിക്കാന്‍ സജ്ജമാക്കുന്നതാണ് “പുനര്‍ജനി”പരിപാടി. ഒരാഴ്ച നീണ്ടുനിന്ന ക്യാംപില്‍ 50 വോളന്റിയര്‍മാര്‍ പങ്കെടുത്തു. ആവശ്യമുള്ള സാധനസാമഗ്രികള്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി വാങ്ങിച്ചു നല്‍കുകയും അറ്റകുറ്റപ്പണികള്‍ സൗജന്യ സേവനമായി കുട്ടികള്‍ നടത്തുകയും ചെയ്യുന്ന രീതിയിലാണ് ക്യാംപ് സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ഹോസ്പിറ്റല്‍ സൂപ്രണ്ട്് സുജിത് നായര്‍, ഡോ.ഷാജി ഗഫൂര്‍, ഡോ. ഇന്ദു, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. അബൂബക്കര്‍ തയ്യില്‍, കുറ്റീരി മാനുപ്പ, ഹംസ പാലൂര്‍, എ കെ നാസര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ തെക്കത്ത് ഉസ്മാന്‍ തുടങ്ങിയവര്‍ ക്യാംപ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികളെ അനുമോദിച്ചു. അതേസമയം, സന്നദ്ധ സംഘടനകളെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കനിവില്‍ മാത്രം ജില്ലാ ആശുപത്രിയുടെ ദൈനംദിന പ്രവൃത്തികള്‍ മുന്നോട്ടുപോവുന്നത് മെഡിക്കല്‍ സിറ്റിക്കുതന്നെ നാണക്കേടായിട്ടുണ്ട്. ഇതിന് ശാശ്വത പരിഹാരമായി ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാറും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.
Next Story

RELATED STORIES

Share it