മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

തൃശൂര്‍: ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം കൂട്ടിയ സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം നടത്തുന്നു. ഈ മാസം 19ന് സൂചനാ പണിമുടക്കും 23 മുതല്‍ അനിശ്ചിതകാല സമരവും നടത്തുമെന്ന് പിജി മെഡിക്കല്‍ വിദ്യാര്‍ഥിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25 മുതല്‍ നിരാഹാരസമരവും നടത്തും. പിജി അസോസിയേഷന്‍, ഹൗസ് സര്‍ജന്‍സി, എംബിബിഎസ്, പിഎസ്‌സി റാങ്ക്‌ലിസ്റ്റ് അസോസിയേഷന്‍, ഐഎംഎ സ്റ്റുഡന്‍സ് വിങ് എന്നിവരടങ്ങുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്ക് നടത്തുന്നത്. 19ന് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍കോളജുകളില്‍ സൂചനാപണിമുടക്കും സെക്രട്ടേറിയേറ്റ് ധര്‍ണയും നടത്തും. പിജി, ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികള്‍ പണിമുടക്കിയും എംബിബിഎസ് വിദ്യാര്‍ഥികള്‍ പഠിപ്പും മുടക്കിയാണ് സൂചനാ സമരം നടത്തുക. രോഗികളെ ബുദ്ധിമുട്ടിക്കാതെ അത്യാഹിതവിഭാഗം, ഓപറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത നിലയിലായിരിക്കും സമരം നടത്തുന്നത്. മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അടക്കം പണിമുടക്ക് നടത്തിയാണ് 23ന് അനിശ്ചിതകാല സമരം നടത്തുന്നത്. തുടര്‍ന്നും സമരം ഒത്തുതീര്‍ന്നില്ലെങ്കില്‍ 25 മുതല്‍ നിരാഹാര സമരവും തുടരും.ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ പ്രായം 56ല്‍ നിന്നു 60ലേക്കും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലെ ഡോക്ടര്‍മാരുടേത് 60ല്‍ നിന്നു 62ലേക്കും സര്‍ക്കാര്‍ ഉയര്‍ത്തിയെന്ന് ആരോപിച്ചാണ് സമരം നടത്തുന്നതെന്ന് സമരക്കാര്‍ വ്യക്തമാക്കി. പകര്‍ച്ചവ്യാധികളും കാലാവസ്ഥാജന്യരോഗങ്ങളും നേരിടുന്നതിന് പരിചയസമ്പന്നരും സേവനസന്നദ്ധരുമായ ഡോക്ടര്‍മാരുടെ ആവശ്യകത പറഞ്ഞാണ് സര്‍ക്കാര്‍ യുവഡോക്ടര്‍മാര്‍ക്ക് അവസരം നിഷേധിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡോക്ടര്‍മാരായ യു ആര്‍ രാഹുല്‍, അഭിലാഷ്, ജയകൃഷ്ണന്‍, ക്ലിസ്റ്റഫര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it