Flash News

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് 34.31 കോടി രൂപയുടെ ഭരണാനുമതി: കെ കെ ശൈലജ



തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മെഡിക്കല്‍ കോളജുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ആശുപത്രികളുടെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്നതിന് 34.31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വിവിധ വാര്‍ഡുകളുടെ നവീകരണത്തിനും റേഡിയോളജി, ബയോകെമിസ്ട്രി, റേഡിയോതെറാപ്പി, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, ഇഎന്‍ടി, ഗാസ്‌ട്രോ സര്‍ജറി തുടങ്ങി വിവിധ ഡിപാര്‍ട്ട്‌മെന്റുകളിലെ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ത്തു പ്രവര്‍ത്തനയോഗ്യമാക്കുന്നതിലേക്കും 17 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഫാര്‍മസി കെട്ടിടത്തിന്റെ നവീകരണം, മെഡിക്കല്‍ ഉപകരണങ്ങളുടെ കേടുപാട് തീര്‍ക്കല്‍, സര്‍ജറി യൂനിറ്റിന്റെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 3.30 കോടി രൂപയും കോട്ടയം മെഡിക്കല്‍ കോളജിലെ കാന്‍സര്‍ കെയര്‍ സെന്റര്‍ വാര്‍ഡിന്റെ നവീകരണത്തിനായും വിവിധ വാര്‍ഡുകളിലേക്കുള്ള സെന്‍ട്രല്‍ ഓക്‌സിജന്‍ സപ്ലൈയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്കും 5.09 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തു പ്രവര്‍ത്തനയോഗ്യമാക്കുന്നതിനായി 3.50 കോടി രൂപയും കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ വിവിധ യൂനിറ്റുകളുടെ നവീകരണത്തിനായി 5.50 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമായതായി മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it