Editorial

മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിമുക്തമാവണമെങ്കില്‍

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലേക്കുള്ള 180 വിദ്യാര്‍ഥികളുടെ പ്രവേശനം തടഞ്ഞ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന 2017ലെ ഓര്‍ഡിനന്‍സ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധി വിരല്‍ചൂണ്ടുന്നത് സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസം മുച്ചൂടും അഴിമതിയില്‍ അകപ്പെട്ടിരിക്കുന്നു എന്നതിലേക്കാണ്. വിചാരണവേളയില്‍ സുപ്രിംകോടതി ഇതേപ്പറ്റി ചോദിക്കുകയും ചെയ്തു.
ആരാണ് ഇതിനു കാരണക്കാര്‍ എന്നതിനെപ്പറ്റിയോ എന്താണു പരിഹാരം എന്നതിനെക്കുറിച്ചോ ഗൗരവപൂര്‍വം ശ്രദ്ധിക്കാന്‍ ആരും തയ്യാറല്ല. തിരിച്ചടി മാനേജ്‌മെന്റുകള്‍ക്കാണെന്നു പറഞ്ഞ് സമാശ്വസിക്കുകയാണ് ആരോഗ്യമന്ത്രി. വാസ്തവത്തില്‍ അവര്‍ അതില്‍ ദുഃഖിക്കുകയായിരിക്കും. ആരോഗ്യമന്ത്രിയുടെ പാര്‍ട്ടിയായ സിപിഎമ്മും സിപിഐയും അടങ്ങുന്ന എല്‍ഡിഎഫും, കോണ്‍ഗ്രസും ലീഗും ചേര്‍ന്ന യുഡിഎഫും സകലമാന കാര്യങ്ങളിലും ഇരുകൂട്ടരെയും എതിര്‍ക്കുന്ന ബിജെപിയും ചേര്‍ന്ന് സര്‍വസമ്മതമായി പാസാക്കിയെടുത്ത ഓര്‍ഡിനന്‍സാണ് റദ്ദായത്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ മുഴുവനും ചേര്‍ന്ന് വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കു വേണ്ടി പാസാക്കിയ ഓര്‍ഡിനന്‍സാണത്. വിദ്യാര്‍ഥികളുടെ ഭാവിയെന്നെല്ലാം വെറുതെ പറയുകയാണ്. കോഴ കൊടുത്ത് സ്വാശ്രയ കോളജുകളില്‍ സീറ്റ് തരപ്പെടുത്തുന്ന വിദ്യാര്‍ഥികളുടെ ഭാവിയാണോ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ കച്ചവടതാല്‍പര്യങ്ങളാണോ ഏതായിരിക്കണം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും പ്രധാനം എന്നതാണ് യഥാര്‍ഥ ചോദ്യം.
കച്ചവടതാല്‍പര്യങ്ങള്‍ പിടിമുറുക്കിയതുമൂലം പ്രഫഷനല്‍ വിദ്യാഭ്യാസരംഗത്തുണ്ടായ നിലവാരത്തകര്‍ച്ച ഗുരുതരമായ പ്രശ്‌നമാണ്. മിടുക്കന്‍മാരും മിടുക്കികളുമായിരുന്നു പണ്ടെല്ലാം മെഡിക്കല്‍-എന്‍ജിനീയറിങ് കോളജുകളില്‍ പഠിച്ചിരുന്നത്. ഇന്ന് അതു കാശുമുടക്കാന്‍ ശേഷിയുള്ളവരിലേക്കു പരിമിതപ്പെട്ടുപോയി. എന്‍ട്രന്‍സ് പരീക്ഷകളിലൂടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടുന്നതും വലിയൊരളവോളം സമൂഹത്തിലെ ഉയര്‍ന്നതട്ടിലുള്ളവരാണ്. അത്തരക്കാര്‍ക്കു മാത്രമേ മികച്ച നിലവാരമുള്ള എന്‍ട്രന്‍സ് പരിശീലനകേന്ദ്രങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ കഴിയുന്നുള്ളൂ. കനത്ത മാനസികസമ്മര്‍ദം വിദ്യാര്‍ഥികളുടെ മേല്‍ ഏല്‍പ്പിച്ചുകൊണ്ടാണ് എന്‍ട്രന്‍സ് പരിശീലനകേന്ദ്രങ്ങളിലെ പഠനം. ഇത്തരം കേന്ദ്രങ്ങളില്‍ പഠിച്ചിട്ടും എവിടെയും എത്താതായിപ്പോവുന്ന കുട്ടികള്‍ക്കുണ്ടാവുന്ന മാനസികപ്രയാസങ്ങളെക്കുറിച്ചൊന്നും ആരും ആലോചിക്കാറില്ല.
സ്വന്തം കുട്ടികളുടെ ഭാവിയോര്‍ത്താണ് വിറ്റും പെറുക്കിയും രക്ഷിതാക്കള്‍ സ്വാശ്രയ കോളജുകളില്‍ അഭയംതേടുന്നത്. എല്ലാം ചേര്‍ന്നു വരുമ്പോള്‍ സ്വാശ്രയ കോളജുകള്‍ നടത്തി കാശുവാരുന്നവരുടെയും എന്‍ട്രന്‍സ് പരിശീലനകേന്ദ്രങ്ങള്‍ നടത്തി കോടീശ്വരന്‍മാരാവുന്നവരുടെയും അധോലോകമായി മാറിയിരിക്കുന്നു മെഡിക്കല്‍ വിദ്യാഭ്യാസരംഗം. ഇപ്പോഴത്തെ കോടതിവിധിയൊന്നും ഈ വിഷമവൃത്തത്തില്‍ നിന്ന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും മോചിപ്പിക്കാന്‍ പര്യാപ്തമാവുകയില്ല. പ്രശ്‌നത്തിന്റെ മര്‍മം കണ്ടറിഞ്ഞ് ശരിയായ നടപടികള്‍ കൈക്കൊണ്ടേ മതിയാവൂ. വിദ്യാഭ്യാസക്കച്ചവടം പ്രോല്‍സാഹിപ്പിക്കാന്‍ നടക്കുന്ന സര്‍ക്കാരിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അതിനെല്ലാം എവിടെ നേരം?

Next Story

RELATED STORIES

Share it