മെഡിക്കല്‍ ബോര്‍ഡ് നീതിപൂര്‍വമായി ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചികില്‍സാപ്പിഴവ് സംബന്ധിച്ച് ആശുപത്രികളെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചുമുള്ള പരാതികളില്‍ മെഡിക്കല്‍ ബോര്‍ഡ് നീതിപൂര്‍വ—മായ നിലപാടെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ മേഖലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റു ചെയ്തവരെ സംരക്ഷിക്കാനുള്ള നിലപാട് മെഡിക്കല്‍ ബോര്‍ഡ് സ്വീകരിച്ചാല്‍ അതു ബോര്‍ഡിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കും.മെഡിക്കല്‍ ബിരുദമുള്ള സിവില്‍ സര്‍വീസുകാര്‍ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളായാല്‍ ഇത്തരം പരാതികളോടു നീതിപൂര്‍വമായ സമീപനമുണ്ടാവും. ഇതുവഴി ആരോപണങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആംബുലന്‍സ് കൈകാര്യം ചെയ്യുന്നവര്‍ക്കടക്കം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു ശരിയായ പരിശീലനം നല്‍കാനും ട്രോമാകെയര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാവുമ്പോള്‍ ഓരോരുത്തര്‍ക്കും മെച്ചപ്പെട്ട ചികില്‍സയ്ക്ക് അവസരമൊരുങ്ങും. സംസ്ഥാനത്ത് 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാവുന്നത്. ഇതിനായി 4700 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. സ്വകാര്യ ആശുപത്രികളിലെ ഐസിയുകളിലും സിസിയുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ദയാവധം സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിനെതിരേ ശ്രദ്ധപുലര്‍ത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ്, കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍, കമ്മീഷന്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് റാഫി സംസാരിച്ചു.
Next Story

RELATED STORIES

Share it