മെഡിക്കല്‍ പ്രവേശന ബില്ല്; കോടികളുടെ അഴിമതിയെന്ന് ബെന്നി ബെഹനാന്‍

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനം ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ പാസാക്കിയ ബില്ല് ഗവര്‍ണര്‍ നിഷ്‌കരുണം തള്ളിയ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ നടന്ന വമ്പിച്ച സാമ്പത്തിക അഴിമതിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ബെന്നി ബെഹനാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആവശ്യം.
ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളുടെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ ഭൂരിപക്ഷം വിദ്യാര്‍ഥികളും നീറ്റ് മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ മൂന്നു ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയില്‍ റാങ്ക് ലഭിച്ചവരാണെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഈ കോളജില്‍ പ്രവേശനം നേടിയ അവസാനത്തെ വിദ്യാര്‍ഥിയുടെ റാങ്ക് 4,32,009 ആണ്. ഈ സാഹചര്യത്തില്‍ നീറ്റ് പ്രവേശനപ്പരീക്ഷയില്‍ ഏറെ മുന്നിലെത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികളെ തഴഞ്ഞ് റാങ്കിന്റെ കാര്യത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയ മാനേജ്‌മെന്റ് നടപടി സാധൂകരിക്കാന്‍ ബില്ലവതരിപ്പിച്ച സര്‍ക്കാരിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നും പോസ്റ്റില്‍ പറയുന്നു.
Next Story

RELATED STORIES

Share it