Flash News

മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ശിരോവസ്ത്ര നിരോധനം : എയിംസ് തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ ഹരജി



കൊച്ചി: ഓള്‍ ഇന്ത്യ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ ഹരജി. ഈ മാസം 28നു നടക്കുന്ന പ്രവേശനപ്പരീക്ഷയില്‍ തലമറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് പ്രവേശനപ്പരീക്ഷയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണു ഹരജി. വിദ്യാര്‍ഥിസംഘടനയായ എംഎസ്എഫ്, എംഎസ്എഫ് ഹരിത, മെഡിഫെഡ് എന്നിവയും ഫിദ ഫാത്തിമ, ആയിഷ മഷൂറ എന്നീ വിദ്യാര്‍ഥിനികളുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അനുച്ഛേദം 21 (1)ന്റെ ലംഘനമാണ് ശിരോവസ്ത്ര നിരോധനമെന്നും ഇന്ത്യയിലെ ഏതൊരു പൗരനും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതരത്തില്‍ മതാചാരങ്ങള്‍ പിന്തുടരാനുള്ള അവകാശമുണ്ടെന്നും ആ അവകാശത്തിന്‍മേലുള്ള മെഡിക്കല്‍ സയന്‍സിന്റെ കടന്നുകയറ്റമാണിതെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു. ഇതിനു മുമ്പ് നീറ്റ് പരീക്ഷയില്‍ ഇത്തരത്തിലുള്ള നടപടികള്‍ സിബിഎസ്ഇയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും അത് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. 28നു നടക്കുന്ന പ്രവേശനപ്പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ അഡ്മിറ്റ് കാര്‍ഡില്‍ നിരോധിത വസ്തുക്കളുടെ ഗണത്തിലാണ് ശിരോവസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നു ഹരജിക്കാര്‍ പരാതിപ്പെടുന്നു. ഹരജിക്കാര്‍ക്കുവേണ്ടി അഡ്വ. സജല്‍ പി എബ്രഹാം ഹാജരായി.
Next Story

RELATED STORIES

Share it