മെഡിക്കല്‍ പ്രവേശനം: ഇനി ഏകീകൃത പരീക്ഷ

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് ഇനി ദേശീയതലത്തില്‍ പൊതുപ്രവേശനപ്പരീക്ഷ. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇനി ഏകീകൃത പ്രവേശനപ്പരീക്ഷയാണു മാനദണ്ഡമാവുക.
ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം ഭേദഗതി ചെയ്യും. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യാനുള്ള കുറിപ്പ് ആരോഗ്യമന്ത്രാലയം തയ്യാറാക്കി വിവിധ മന്ത്രാലയങ്ങള്‍ക്കു കൈമാറും. നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രവേശനപ്പരീക്ഷ നടത്തിയാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. എന്നാല്‍, പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യ കോളജുകള്‍, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്കൊന്നും സ്വന്തമായി പ്രവേശനപ്പരീക്ഷ നടത്താന്‍ അനുമതിയുണ്ടാവില്ല. നിലവിലുള്ള ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റിനെ ദേശീയതലത്തിലുള്ള പ്രവേശനപ്പരീക്ഷയാക്കി മാറ്റുകയോ അല്ലെങ്കില്‍ പുതിയൊരു പരീക്ഷാസംവിധാനം കൊണ്ടുവരുകയോ ചെയ്യാമെന്നും മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് മെഡിക്കല്‍ പാഠ്യപദ്ധതി തയ്യാറാക്കാനുള്ള അധികാരം മാത്രമേയുള്ളൂ. പ്രവേശനപ്പരീക്ഷ നടത്താനും പ്രവേശന നടപടികള്‍ തീരുമാനിക്കാനും സംസ്ഥാനങ്ങള്‍ക്കും കോളജുകള്‍ക്കും അധികാരമുണ്ട്. ഈ സാഹചര്യത്തിന് മാറ്റം വരണമെന്നും നിയമത്തില്‍ ഭേദഗതി വേണമെന്നും കഴിഞ്ഞ ഒക്ടോബറില്‍ ചേര്‍ന്ന മെഡിക്കല്‍ കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ശുപാര്‍ശ ചെയ്തിരുന്നു.
പൊതുപ്രവേശനപ്പരീക്ഷ നടത്താന്‍ നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും നിയമഭേദഗതി വരുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി സ്ഥാപനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യ കോളജുകള്‍, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്ന് 80 അപേക്ഷകളാണ് അന്ന് കോടതിയിലെത്തിയത്.
പൊതുപ്രവേശനപ്പരീക്ഷയുടെ ഭാഗമായി മെഡിക്കല്‍ കൗണ്‍സില്‍ 2012 നവംബര്‍-ഡിസംബറിലായി പിജി നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റും (എന്‍ഇഇടി), 2013 മെയില്‍ യുജി എന്‍ഇഇടിയും നടത്തി. 2013 ജൂലൈയില്‍ ഇത് സുപ്രിംകോടതി റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സിലിന് ഇത്തരം പരീക്ഷകള്‍ നടത്താന്‍ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടര്‍ന്നാണ് തങ്ങള്‍ക്ക് ഇത്തരം പരീക്ഷകള്‍ നടത്താനുള്ള അധികാരം നല്‍കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഡിഗ്രി, പിജി തലങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ വിവിധ പ്രവേശനപ്പരീക്ഷകള്‍ കടന്നാണ് എത്തുന്നത്. ചിലരില്‍നിന്ന് സ്ഥാപനങ്ങള്‍ വന്‍ തുക തലവരിപ്പണമായി വാങ്ങുന്നുണ്ട്. ഏകീകൃത പ്രവേശനപ്പരീക്ഷ വരുന്നതോടെ ഈ സാഹചര്യത്തില്‍ മാറ്റമുണ്ടാവും.
പൊതുപരീക്ഷ നടപ്പാവുമ്പോള്‍ തമിഴ്, മറാത്തി, അസമീസ്, ബംഗ്ല, തെലുങ്ക്, ഗുജറാത്തി എന്നീ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it