മെഡിക്കല്‍ പിജി സംവരണം അട്ടിമറിക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: മെഡിക്കല്‍ പിജി സംവരണം അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി കേരള സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി (കെഎസ്ഡിപി) രംഗത്ത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 33 പിജി സംവരണ സീറ്റുകളാണുള്ളത്. എന്നാല്‍ ഇവയില്‍ പലതും അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കുന്നില്ല. പിജി കോഴ്‌സുകള്‍ ഡിഎംഇക്ക് വിട്ടുകൊടുത്തതാണ് സീറ്റുകള്‍ അട്ടിമറിക്കപ്പെടാനുള്ള കാരണം. വിരമിച്ചിട്ടും എന്‍ട്രന്‍സ് കമ്മീഷണറായി തുടര്‍ന്ന മാവോജിയാണു വിവാദ ഉത്തരവിനു പിന്നിലെന്നു ഭാരവാഹികള്‍ ആരോപിക്കുന്നു.
സര്‍വീസില്‍ നിന്നു വിരമിച്ചിട്ടും ഇദ്ദേഹത്തിനു കാലാവധി നീട്ടിക്കൊടുക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി പോലും വാങ്ങിയിരുന്നില്ല. ആരോഗ്യമന്ത്രിയുടെ ഒത്താശയോടെയാണു മാവോജി വിവാദ തീരുമാനങ്ങള്‍ എടുത്തത്.
എല്ലാ സര്‍വകലാശാലകളിലും എസ്‌സി-എസ്ടി സെല്‍ പ്രവര്‍ത്തിക്കണമെന്ന കേന്ദ്ര മാര്‍ഗനിര്‍ദേശമുള്ളപ്പോള്‍ ആരോഗ്യ സര്‍വകലാശാലയില്‍ മാത്രം ഈ സെല്‍ പ്രവര്‍ത്തിക്കുന്നില്ല. ഓള്‍ ഇന്ത്യ മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണു രാജ്യത്ത് എല്ലാ മെഡിക്കല്‍ കോളജുകളിലും അഡ്മിഷന്‍ നടക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഈ തീരുമാനം അട്ടിമറിച്ചാണ് പിജി അഡ്മിഷന്‍ ഡിഎംഇക്ക് നല്‍കിയത്. മാത്രമല്ല 2014ലെ പ്രോസ്‌പെക്റ്റസ് വച്ചാണ് ഇപ്പോഴും പരീക്ഷ നടത്തിവരുന്നത്. കൂടാതെ പ്രോസ്‌പെക്റ്റസ് കമ്മിറ്റിയില്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്കു പുറമേ എസ്‌സി-എസ്ടി പ്രതിനിധി ഉള്‍പ്പെടുന്ന സംഘം ഉണ്ടാവണമെന്നിരിക്കെ ഇവിടെ കമ്മിറ്റിപോലുമില്ല എന്നതും അട്ടിമറിക്കു കാരണമാണ്. ഇതിനു പുറമേ എന്‍ട്രന്‍സ് കമ്മീഷണറെ മാറ്റുക, എന്‍ട്രന്‍സ് കമ്മീഷണറുടെ ചുമതല ഡിഎംഇയില്‍ നിന്നു തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളും കെഎസ്ഡിപി ഉന്നയിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഐത്തിയൂര്‍ സുരേന്ദ്രന്‍, തൈക്കാട് വിജയകുമാര്‍, പൂന്തുറ സതീഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it