Editorial

മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതികള്‍ നടപ്പാവുമോ?

മരുന്ന് ഉല്‍പാദക കമ്പനികളില്‍നിന്നു സൗജന്യങ്ങളും ആനുകൂല്യങ്ങളും സ്വീകരിക്കുന്നത് കര്‍ശനമായി വിലക്കുന്നതോടൊപ്പം നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് ശിക്ഷകളും ഉള്‍പ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഡോക്ടര്‍മാര്‍ക്കുള്ള പെരുമാറ്റച്ചട്ടം പുതുക്കിയിരിക്കുന്നു. ഫലപ്രദമായി നടപ്പാക്കുന്നപക്ഷം ചികില്‍സാരംഗത്തെ അനഭിലഷണീയമായ നടപടികള്‍ ഇല്ലാതാക്കുന്നതിന് ഉപകരിക്കുന്ന ഈ നീക്കം സ്വാഗതാര്‍ഹമായ ചുവടുവയ്പാണ്.
മരുന്നു കമ്പനികളും ചികില്‍സകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഏറെക്കാലമായി നിലവിലുള്ളതാണ്. വന്‍കിട മരുന്നു കമ്പനികള്‍ ഡോക്ടര്‍മാരെ സ്വാധീനിച്ച് അമിത വിലയുള്ള മരുന്നുകളുടെയും അനാവശ്യ മരുന്നുകളുടെയും വില്‍പനയ്ക്ക് കളമൊരുക്കുന്നുവെന്ന ആക്ഷേപം പുതിയതല്ല. അടുത്തകാലത്തായി ഡോക്ടര്‍മാരുടെയും കുടുംബത്തിന്റെയും വിദേശയാത്രയിലാണ് മരുന്നു കമ്പനികള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.
ഡോക്ടര്‍മാരുടെ അധാര്‍മിക പ്രവൃത്തികളെക്കുറിച്ച് പരാതിപ്പെടുന്നതിന് മെഡിക്കല്‍ കൗണ്‍സിലിന് എത്തിക്‌സ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്നു കമ്പനികളില്‍ നിന്നോ ആരോഗ്യരക്ഷയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളില്‍നിന്നോ പണമോ സാമ്പത്തിക ആനുകൂല്യങ്ങളോ പറ്റാന്‍ പാടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ 2009ല്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് പെരുമാറ്റച്ചട്ടം തയ്യാറാക്കിയിരുന്നു. ഈ ചട്ടം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ കേന്ദ്രത്തിലെയോ ബന്ധപ്പെട്ട സംസ്ഥാനത്തെയോ എത്തിക്‌സ് കമ്മിറ്റിയുടെ വിവേചനം അനുസരിച്ചായിരുന്നു. മഹാരാഷ്ട്രയില്‍ വലിയ സൗജന്യങ്ങള്‍ സ്വീകരിച്ച 326 ഡോക്ടര്‍മാര്‍ക്കെതിരേ എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തി. എന്നാല്‍, ശാസനയ്ക്കപ്പുറം കാര്യമായ നടപടികളൊന്നും ഉണ്ടായതായി അറിവില്ല.
പുതിയ ഭേദഗതിയനുസരിച്ച് സമ്മാനങ്ങള്‍ സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ പേര് ദേശീയ-സംസ്ഥാന തലത്തില്‍ ഡോക്ടര്‍മാരുടെ പട്ടികയില്‍നിന്നു നീക്കം ചെയ്യും. ഇതോടെ പ്രസ്തുത വ്യക്തിക്ക് ഡോക്ടറായി പ്രാക്റ്റീസ് ചെയ്യാനാവില്ല. 5,000 രൂപ മുതല്‍ 10,000 രൂപ വരെ വിലവരുന്ന സൗജന്യങ്ങള്‍ സ്വീകരിക്കുന്നവരെ മൂന്നു മാസത്തേക്കും 10,000 രൂപ മുതല്‍ 50,000 രൂപ വരെ സ്വീകരിക്കുന്നവരെ ആറു മാസം വരെയും പേരു നീക്കംചെയ്യും. കുറ്റം ആവര്‍ത്തിച്ചാല്‍ അതിന്റെ ഗൗരവത്തിന് അനുസൃതമായിരിക്കും ശിക്ഷ. കൂടിയ വിലയുള്ള മരുന്നുകള്‍ അനാവശ്യമായി നിര്‍ദേശിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പുതിയ ഭേദഗതി കടിഞ്ഞാണിടുമെന്നു കരുതാം. ഡോക്ടര്‍മാരുമായുള്ള തങ്ങളുടെ ബന്ധം ഗവേഷണവും വികസനവും മുന്‍നിര്‍ത്തിയാണെന്ന് മരുന്നു കമ്പനികള്‍ അവകാശപ്പെടാറുണ്ട്. ശുദ്ധ അസംബന്ധമാണത്. സത്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും കമ്പനി വകയിരുത്തുന്നത് മാര്‍ക്കറ്റിങ് ഇനത്തിലുള്ള ചെലവായാണ്. സൗജന്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി പാവപ്പെട്ടവന്റെ കഴുത്തറുക്കുന്നവര്‍ ആതുരസേവനമേഖലയ്ക്ക് തന്നെ അപമാനമാണ്. അത്തരക്കാര്‍ക്ക് കടിഞ്ഞാണിടുന്നതിന് ചട്ടഭേദഗതിക്ക് കഴിയണം. പക്ഷേ, കൗണ്‍സിലിന്റെ ഇതിനു മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഭേദഗതികള്‍ എത്രമാത്രം നടപ്പാവുമെന്നു കണ്ടറിയണം.
Next Story

RELATED STORIES

Share it