Idukki local

മെഡിക്കല്‍ കോളജ്: ഹോസ്റ്റല്‍ നിര്‍മാണത്തിന് 75 കോടി

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ ബില്‍ഡിങ് നിര്‍മാണത്തിനായി 75 കോടി രൂപയുടെ ടെന്‍ഡര്‍ ചെയ്തതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി അറിയിച്ചു. 75 കോടിയുടെ സിവില്‍ വര്‍ക്കുകള്‍ക്കാണ് ഇപ്പോള്‍ ടെന്‍ഡര്‍ നടത്തിയിട്ടുള്ളത്. 27 കോടിയുടെ മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ ജോലികള്‍ക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ വര്‍ക്കുകളും ഉടന്‍ ടെന്‍ഡര്‍ ചെയ്യും. 2,25,000 ചതുരശ്ര അടി വിസ്താരത്തിലാണ് റസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് നിര്‍മിക്കുന്നത്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍, അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും താമസിക്കുന്നതിനുള്ള ഹോസ്റ്റലുകള്‍, പഠനത്തിന് ശേഷം ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സ്. ഒന്നാംഘട്ടത്തില്‍ ആരംഭിച്ച മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയ നിര്‍മാണവും രണ്ടാം ഘട്ടത്തിലാരംഭിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടമായാണ് റസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് ടെന്‍ഡര്‍ ചെയ്തിട്ടുള്ളത്. 37,000 ചതുരശ്ര അടി വിസ്താരത്തിലുള്ള മൂന്നു ബ്ലോക്കുകളായാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മിക്കുക. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ 56,400 ചതുരശ്ര അടി വിസ്താരത്തിലാണ്.
മെഡിക്കല്‍ ബിരുദ പഠനശേഷം ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 37,200 ചതുരശ്ര അടി വിസ്തൃതിയില്‍ വെവ്വേറെ ഹോസ്റ്റലുകള്‍ നിര്‍മിക്കും. 57,200 ചതുരശ്ര അടി വിസ്താരത്തിലാണ് അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും താമസസൗകര്യം ഒരുക്കുന്നത്. റിക്രിയേഷന്‍ ഹാളും ലൈബ്രറിയും ആധുനിക കിച്ചണുകളും മെസ് ഹാളും ഉള്‍പ്പെടെ ഏറ്റവും നവീന രീതിയിലുള്ള സാനിട്ടേഷന്‍ സൗകര്യങ്ങളും ചേരുന്നതാണ് പുതിയ ഹോസ്റ്റല്‍ സമുച്ചയം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നതനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ ഒരുക്കുന്നതിനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്ന് എംപി പറഞ്ഞു. ഇടുക്കിയില്‍ ആരംഭിക്കാന്‍ പോവുന്നത് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ പൂര്‍ണ സജ്ജമായ മെഡിക്കല്‍ കോളജ് ആയിരിക്കും. മെഡിക്കല്‍ കോളജ് കോംപൗണ്ടില്‍ തന്നെ തയ്യാറാക്കേണ്ട അടിസ്ഥാന സൗകര്യം ഉടന്‍ ഉറപ്പുവരുത്തും.
മെഡിക്കല്‍ കോളജിന് പ്രത്യേകമായുള്ള സബ്‌സ്റ്റേഷനും ട്രാന്‍സ്‌ഫോര്‍മറും ജലലഭ്യത ഉറപ്പുവരുത്തിക്കൊണ്ടുള്ള ടാങ്കും മറ്റ് സൗകര്യങ്ങളും മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള മെഷിനറികള്‍ എന്നിവയും പരിഗണനാ വിഷയങ്ങളില്‍ പെടുന്നതാണെന്നും എംപി പറഞ്ഞു.
Next Story

RELATED STORIES

Share it