Kottayam Local

മെഡിക്കല്‍ കോളജ് ഹോസ്റ്റലിനു സമീപത്തെ മാലിന്യം നീക്കിയില്ല: വിദ്യാര്‍ഥികള്‍ ആശുപത്രി അത്യാഹിതവിഭാഗം ഉപരോധിച്ചു

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യം നഴ്‌സിങ് ഹോസ്റ്റലിനു സമീപത്തു നിന്നു നീക്കം ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് നഴ്‌സിങ് വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും അത്യാഹിത വിഭാഗത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചിനാരംഭിച്ച പ്രതിഷേധ സമരം രാത്രിയിലും തുടരുകയാണ്. ഞായറാഴ്ച മാലിന്യവുമായി എത്തിയ വാഹനം നഴ്‌സിങ് വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു. തടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി മാലിന്യം ഇവിടെ തന്നെ തള്ളുമെന്ന് പറഞ്ഞത് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് ആര്‍എംഒ ഡോ. സാംക്രിസ്റ്റി മാമ്മന്‍ സ്ഥലത്തെത്തി വിദ്യാര്‍ഥികളുമായി സംസാരിച്ചു.
മാലിന്യം നീക്കം ചെയ്യാമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ട് അഞ്ചായിട്ടും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചു.
നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മെഡിക്കല്‍ സര്‍വീസ് സെന്റര്‍ രംഗത്തെത്തി. 340ഓളം നഴ്‌സിങ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന്റെയും ഭക്ഷണം പാകം ചെയ്യുന്ന കെട്ടിടത്തിന്റെയും തൊട്ടുപിറകിലാണു മാലിന്യം തള്ളുന്നത്. ആശുപത്രിയിലെ ഭക്ഷണ പദാര്‍ഥങ്ങളുടെ അവശിഷ്ടമാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ രക്തം പുരണ്ട പഞ്ഞികളും ശസ്ത്രക്രിയ അവശിഷ്ടങ്ങളും അടങ്ങിയ മാലിന്യങ്ങളാണ് കവറിനുള്ളില്‍ ഉള്ളതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
രണ്ടാഴ്ച മുമ്പ് ഇത് സംബന്ധിച്ച് പരാതി ആശുപത്രി സൂപ്രണ്ടിന് നല്‍കിയിരുന്നു. എന്നാല്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത് മൂലം നിരവധി രോഗങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ അടിമപ്പെടുകയാണ്.
എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മേല്‍ മണ്ണ് നീക്കിയ ശേഷം മാലിന്യം നിക്ഷേപിക്കുകയാണ്. പിന്നീട് മാലിന്യ കൂമ്പാരത്തിന് മുകളില്‍ വീണ്ടും മണ്ണിടുന്നു. വര്‍ഷങ്ങളായി ആശുപത്രി മാലിന്യം ഇങ്ങനെ പ്ലാസ്റ്റിക് കവറിലാക്കി മണ്ണിട്ടുമൂടുന്നത് മൂലം പരിസരവാസികളുടെ കുടിവെള്ള സ്രോതസ്സുകളും മലിനപ്പെട്ടിരിക്കുകയാണ്. മാലിന്യം നീക്കം ചെയ്ത് നാളുവരെ പ്രക്ഷോഭവുമായി മൂന്നോട്ട് പോവുകയാണ് വിദ്യാര്‍ഥികള്‍.
Next Story

RELATED STORIES

Share it