kozhikode local

മെഡിക്കല്‍ കോളജ് സ്ഥിരം ഐസൊലേഷന്‍ ബ്ലോക്ക്; നിര്‍ദേശം എങ്ങുമെത്തിയില്ല

ഇ രാജന്‍
കോഴിക്കോട്: നിപാ നിയന്ത്രണവിധേയമായെങ്കിലും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സ്ഥിരം ഐസൊലേഷന്‍ ബ്ലോക്ക് വേണമെന്ന നിര്‍ദേശം എങ്ങുമെത്തിയില്ല. നിപായുടെ ഉറവിടം ഇപ്പോഴും അജ്ഞാതമായി തുടരുന്നതിനാല്‍ ഭാവിയില്‍ രോഗപ്രതിരോധം ശക്തമാക്കേണ്ടത് അത്യാവശ്യമാണ്. നിപാ നിരീക്ഷണ സമയം ഇന്ന് അവസാനിക്കുകയാണ്. ആറ് ജില്ലകളിലെ പ്രധാന ആശുപത്രിയായ മെഡിക്കല്‍ കോളജില്‍ നിന്ന് മാറി വൈറസ് രോഗങ്ങള്‍ക്കും മറ്റുമായി പ്രത്യേക ബ്ലോക്ക് തന്നെ വേണമെന്ന ആലോചനയിലാണ് മെഡിക്കല്‍കോളജ് ചെസ്റ്റ് ആശുപത്രിയില്‍ ഐസൊലേഷന്‍ ബ്ലോക്ക് സജ്ജീകരിക്കാന്‍ തീരുമാനമായത്. സര്‍വ്വകക്ഷി യോഗത്തിലും പിന്നീട് ആരോഗ്യമന്ത്രിയുടെ നിര്‍ദേശവും പരിഗണിച്ചാണ് മെഡിക്കല്‍ കോളജില്‍ തന്നെ സ്ഥിരം സംവിധാനം വേണമെന്ന തീരുമാനം ഉണ്ടായത്.
നിപാ വൈറസ് ഭീതി പരത്തിയ കാലത്ത് ചെസ്റ്റ് ആശുപത്രിയിലാണ് ഒരു ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയത്. ഇപ്പോള്‍ നിപാ രോഗികള്‍ ആരും ഇവിടെയില്ല. ഇവിടെയുള്ള രോഗികളെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ തന്നെ പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റി.
ചെസ്റ്റ് ആശുപത്രിയില്‍ എല്ലാ സംവിധാനവും ഒരുക്കാനാണ് തീരുമാനിച്ചിരുന്നത്. നെഞ്ചു രോഗത്തിനു ഉന്നതനിലവാരത്തിലുള്ള ആധുനിക ചികില്‍സകള്‍ ലഭ്യമാകുന്ന ചെസ്റ്റ് ആശുപത്രിയിലെ രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത് രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭിക്കുവാന്‍ പ്രയാസം നേരിടും. മെഡിക്കല്‍ കോളജ് കാംപസില്‍ എട്ടു വര്‍ഷം മുമ്പ് നിര്‍മിച്ച സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ബ്ലോക്ക് വെറുതെ കിടക്കുകയാണ്. 100 രോഗികളെയെങ്കിലും കിടത്തിചികില്‍സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.
മഴക്കാലമായപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനിബാധിതരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലരും വാര്‍ഡില്‍ സ്ഥലമില്ലാത്തതിനാല്‍ വരാന്തയില്‍ കിടക്കുകയാണ്. വിദഗ്ധ ചികില്‍സ വേണ്ട ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് പ്രത്യേക വാര്‍ഡില്ല. പനിബാധിച്ച എല്ലാവരെയും ഒരു വാര്‍ഡിലാണ് ചികില്‍സിക്കുന്നത്.
ഇത് രോഗം പടരുന്നതിന് സാധ്യതയേറുന്നു. നിപ വാര്‍ഡ് പനിവാര്‍ഡാക്കി മാറ്റിയാല്‍ സാധാരണ പനികള്‍ക്കും ഡങ്കിപ്പനി ബാധിച്ചവര്‍ക്കും നിപ വൈറസ് ബാധിതരില്‍ നിന്നും വൈറസ് പടരുവാന്‍ സാധ്യതയുണ്ട്. നിപ വൈറസ് ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുന്ന രോഗികള്‍ക്ക് പ്രത്യേകമായി ഒരു ബ്ലോക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ആശുപത്രി കാംപസില്‍ ഒരുക്കേണ്ടതാണ്.
Next Story

RELATED STORIES

Share it