kozhikode local

മെഡിക്കല്‍ കോളജ്: സിടി സ്‌കാനറിന് കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടു വര്‍ഷം

കോഴിക്കോട്: മെഡിക്കല്‍ കോളജിലേക്ക് വേണ്ട അത്യാധുനിക സിടി സ്‌കാനറായ 64 സ്‌ലൈസ് സിടി സ്‌കാനറിന് കാത്തിരിപ്പു തുടങ്ങിയിട്ട് രണ്ടു വര്‍ഷം. അഞ്ചരകോടിയുടെ മെഷീനു വേണ്ടിയാണ് അപേക്ഷ നല്‍കിയത്. പുതിയ സിടി സ്‌കാനറിന് സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കേണ്ട ആവശ്യമില്ല.
ആശുപത്രി വികസന സമിതിയാണ് ഫണ്ട് ചെലവഴിക്കേണ്ടത്. 64 സ്‌ലൈസ് സിടി—യുണ്ടെങ്കില്‍ ഹൃദയത്തില്‍ ബ്ലോക്കുണ്ടോ എന്നറിയാം. ആന്‍ജിയോഗ്രാമിന് 7000 രൂപയാണ് ചെലവു വരുന്നത്. എന്നാല്‍ സിടിക്ക് 600 രൂപ നല്‍കിയാല്‍ മതി. മാത്രമല്ല പെട്ടെന്നു തന്നെ സിടി എടുക്കാനും സാധിക്കും. കൃത്യവും വ്യക്തവുമായ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ നല്‍കാന്‍ 64 സ്‌ലൈസ് സിടിക്കു സാധിക്കും.
ശരീരത്തിലെ സൂക്ഷ്മ പ്രശ്‌നങ്ങള്‍ പോലും കണ്ടുപിടിക്കാന്‍ സാധിക്കുന്ന ഉപകരണമാണ് 64 സ്‌ലൈസ് സിടി. നിലവില്‍ പഴയ സിടി സ്‌കാനറായ 16 സ്‌ലൈസ് സിടിയാണ് ആശുപത്രിയിലുള്ളത്. ഇവ ഇടയ്ക്കിടെ പ്രവര്‍ത്തന രഹിതമാവും. പുതിയ സിടി സ്‌കാനര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഫയല്‍ രണ്ടു വര്‍ഷമാണ് തട്ടിക്കളിച്ചത്. ഭരണാനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ച ഫയല്‍ നിസ്സാര കാരണങ്ങളുടെ പേരില്‍ ആവര്‍ത്തിച്ചു തിരിച്ചയക്കുന്നതിനെതിരെ വികസന സമിതി അംഗം ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് പദ്ധതിക്കു ഭരണാനുമതി ലഭിച്ചത്. ഇപ്പോള്‍ പണമില്ലെന്നാണ് തടസമായി പറയുന്നത്.
അത്യാഹിത വിഭാഗത്തില്‍ തന്നെ ഒരു സിടി അനുവദിക്കണമെന്നത് ഏറെകാലത്തെ ആവശ്യമാണ്. സ്‌കാനിങ് റിസള്‍ട്ട് വൈകിയതിനാല്‍ ഗുരുതരാവസ്ഥയിലുള്ള പല രോഗികളും മരിച്ചിട്ടുണ്ട്. ആശുപത്രി വികസന സമിതിയുടെ കൈവശം കോടിക്കണക്കിനു രൂപയുടെ നിക്ഷേപമുണ്ട്.
പാവപ്പെട്ട രോഗികളില്‍ നിന്ന് ലഭിക്കുന്നതാണ് ഇവ. ആശുപത്രിയുടെ വികസനത്തിനായി ഈ തുക ഉപയോഗിക്കണം. എന്നാല്‍ വരുമാനത്തിന്റെ 70 ശതമാനവും വികസന സമിതി ജീവനക്കാരുടെ ശമ്പളത്തിനായാണ് ഉപയോഗിക്കുന്നതെന്ന് ആരോപണമുണ്ട്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിക്കാതെ വികസന സമിതിയില്‍ ജീവനക്കാരെ തിരുകി കയറ്റുന്നതായി വ്യാപകമായി ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it