kozhikode local

മെഡിക്കല്‍ കോളജ്; ശസ്ത്രക്രിയ: ഏജന്റുമാര്‍ രോഗികളെ ചൂഷണം ചെയ്യുന്നു

കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നവരെ ചൂഷണം ചെയ്യാന്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വില്‍ക്കുന്നവരുടെ ഏജന്റുമാര്‍. പൊട്ടിയ എല്ലുകള്‍ ചേര്‍ത്ത് വച്ച് കമ്പി(റാഡ്)യിടേണ്ടി വന്നാല്‍ രോഗികളുടെ കീശ കാലിയായതുതന്നെ.
ഡോക്ടര്‍മാരും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വില്‍ക്കുന്നവരും ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ എത്തുന്നവരെ പിഴിയുകയാണ്. റാഡിനും അനുബന്ധ ഉപകരണങ്ങള്‍ക്കും ഡോക്ടര്‍മാര്‍ കുറിപ്പു നല്‍കിയാല്‍ ഇതുമായി പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ ഏജന്റുമാര്‍ രോഗിയുടെ ഒപ്പമുള്ള ആളിന്റെ അടുത്തെത്തും. കുറിപ്പിലുളള ഉപകരണങ്ങള്‍ എവിടെ ലഭിക്കുമെന്ന് ഇയാള്‍ കൃത്യമായി പറഞ്ഞുതരും. കടയിലെത്തുന്നവരോട് എഴുതിയ എല്ലാ ഉപകരണങ്ങളും ഉപയോഗിക്കാറില്ലെന്നും ചിലത് തിരികെ നല്‍കുമെന്നും ബില്ല് പകുതി അടച്ചാല്‍ മതിയെന്നുമാണ് പറയുക. ബില്ലിന്റെ പകുതി മാത്രം വാങ്ങുന്നതിനാല്‍ രോഗിയും സന്തോഷത്തിലായിരിക്കും.
പക്ഷെ, പകുതി എന്നു പറഞ്ഞ് വാങ്ങുന്നത് യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതലാണെന്നതാണ് വാസ്തവം. പരിക്കേറ്റ ഭാഗത്ത് ഉപയോഗിക്കേണ്ട റാഡിന്റെ അളവ് ചികില്‍സാ സമയത്തു മാത്രമേ കൃത്യമായി മനസ്സിലാക്കാനാവൂ. അതിനാല്‍ വ്യത്യസ്ത അളവിലുള്ള റാഡുകള്‍ ഡോക്ടര്‍മാര്‍ എഴുതുന്നത് സ്വാഭാവികമാണ്. ഇതു മുതലെടുത്താണ് തട്ടിപ്പ്. ഉപയോഗിക്കാത്തവ രോഗിയുടെ കൂടെയുള്ളവര്‍ക്ക് തിരിച്ചു നല്‍കും. ഇവ കടയില്‍ എത്തിക്കുമ്പോള്‍ ഉപയോഗം തിട്ടപ്പെടുത്തി അന്തിമ ബില്ല് നല്‍കും. അപ്പോള്‍ വീണ്ടും കുറച്ചു പണം കൂടി കടയുടമ വാങ്ങിയെടുക്കും.
ചില കടക്കാര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നേരിട്ടെത്തി ബാക്കി സാധനങ്ങള്‍ കൊണ്ടുപോകുന്നുമുണ്ട്.
ഇവര്‍ പിന്നീട് രോഗിയുടെ ഒപ്പമുള്ളയാളെ ഫോണില്‍ വിളിച്ച് അന്തിമ ബില്ല് പറയും. അണുബാധയില്ലാതിരിക്കാന്‍ രോഗികള്‍ക്കൊപ്പം വരുന്നവരെ പോലും ഓപ്പറേഷന്‍ തിയേറ്ററിനകത്തേക്ക് പ്രവേശിപ്പിക്കാറില്ല. അതേ സമയം കടക്കാര്‍ക്ക് തിയേറ്ററിനകത്ത് പ്രവേശിക്കുന്നതിന് ഒരു തടസ്സവുമില്ല.
കടക്കാര്‍ തട്ടിയെടുക്കുന്ന തുകയില്‍ നിന്ന് ഒരു വിഹിതം ചില ഡോക്ടര്‍മാര്‍ക്കും കിട്ടുന്നുണ്ടെന്നാണ് വിവരം. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ സര്‍ക്കാര്‍ ഫാര്‍മസികളിലൂടെ വിതരണം ചെയ്യുന്നില്ല.
Next Story

RELATED STORIES

Share it