palakkad local

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം; 3 പേര്‍ അറസ്റ്റില്‍

കൊല്ലങ്കോട്: മുതലമട മീങ്കര ഡാമിന് സമീപം മെഡിക്കല്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചു പരിക്കേല്‍പ്പിക്കുകയും വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ കൊല്ലങ്കോട് പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയും ഇവിടെ സ്ഥിരതാമസക്കാരുമായ തെങ്ങ്‌ചെത്ത് തൊഴിലാളികളായ വണ്ണാമട ജയകുമാര്‍ (27), കന്നിമാരി കണ്ണന്‍ (42), മുതലമട ആട്ടയാമ്പതി മേട് മനോജ് (25) എന്നിവരെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സുഹൃത്തുക്കളായ വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും മീങ്കര ഡാമിന് സമീപം എത്തിയത്. ഡാമിന് സമീപം ജയകുമാറും കണ്ണനും മദ്യപിച്ച് ഇരിക്കുന്നുണ്ടായിരുന്നു. ഇരുവരും മനോജിനെ ഫോണില്‍ വിളിച്ച് വരുത്തുകയായിരുന്നു.
ജയകുമാറും കണ്ണനും വിദ്യാര്‍ഥികളുടെ അടുത്തെത്തി അശ്ലീലം പറയുകയും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതു തടഞ്ഞപ്പോള്‍ ആണ്‍ സുഹൃത്തിനെ മര്‍ദിക്കുകയും ചെയ്തു. സംഘത്തിന്റെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യാര്‍ഥികള്‍ കനാലിനടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന് അക്രമി സംഘം എത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ അക്രമികളെ പിടികൂടാന്‍ പോലിസ് ഊര്‍ജിത അന്വേഷണം നടത്തുകയും ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമം, ബലാല്‍സംഗശ്രമം, കവര്‍ച്ച, അന്യായമായി തടഞ്ഞു വെയ്ക്കല്‍ എന്നീ വിവിധ വകുപ്പ് പ്രകാരം കേസെടുത്തതായി കൊല്ലങ്കോട് എസ്എച്ച്ഒ സിഐ കെ പി ബെന്നി അറിയിച്ചു.
കഴിഞ്ഞ ദിവസം കേസന്വേഷണവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയുടെ ചുമതലയുള്ള മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, പാലക്കാട് ഡിവൈഎസ്പി ജി ഡി വിജയകുമാര്‍, സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സെയ്താലി സംഭവസ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it