malappuram local

മെഡിക്കല്‍ കോളജ് വാര്‍ഡുകളില്‍ ഡോക്ടര്‍മാര്‍ എത്തുന്നില്ലെന്ന് ആരോപണം

മഞ്ചേരി: കിടത്തിച്ചികില്‍സയ്ക്ക് വിധേയരായ രോഗികളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരെത്തി പരിശോധിക്കുന്നില്ലെന്ന ആക്ഷേപം ശക്തം. റൗണ്ട്‌സിനെത്താത്ത ഡോക്ടര്‍മാരെ തേടി ഒപിയിലും മറ്റും അലയേണ്ട ഗതികേടിലാണ് രോഗികള്‍. രോഗാലസ്യത്താല്‍ തളര്‍ന്നവരെപോലും ചക്ര കസേരയിലും മറ്റും ഡോക്ടറുടെ മുറിയിലെത്തിച്ച് പരിശോധിപ്പിക്കുകയാണ് കൂട്ടിരിപ്പുകാര്‍. അലിഖിത നിയമത്താല്‍ രോഗികളെ വലക്കുകയാണ് ആശുപത്രി അധികൃതരെന്ന പരാതി ശക്തമാണ്. അത്യാഹിത വിഭാഗത്തിലാണ് ഈ പ്രശ്‌നം രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത്. ഡോക്ടറുടെ മുറിയില്‍ എത്തിച്ചാല്‍ മാത്രമേ ചികില്‍സ ലഭിക്കുന്നുള്ളൂവെന്ന് രോഗികളും ഒപ്പമുള്ളവരും പറയുന്നു. സര്‍ക്കാര്‍ ആതുരാലയങ്ങള്‍ ജനകീയമാക്കാന്‍ ആര്‍ദ്രം പദ്ധതി പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഏകീകരിക്കുന്നതിനിടയിലാണ് മഞ്ചേരിയിലെ ഈ ദുരവസ്ഥ. പ്രശ്‌നം രൂക്ഷമായതോടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. രോഗികളോടുള്ള ഡോക്ടര്‍മാരുടെ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. വാര്‍ഡുകളിലും അത്യാഹിത വിഭാഗത്തിലുമുള്ള രോഗികളെ അവഗണിക്കുന്ന നില തുടര്‍ന്നാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് അക്ബര്‍ മിനായി, ഫൈസല്‍ ചുങ്കത്ത്, മനോജ് തടപ്പറമ്പ്, അനസ് അത്തിമണ്ണില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it