kozhikode local

മെഡിക്കല്‍ കോളജ് : റഫറല്‍ സംവിധാനം പേരിലൊതുങ്ങുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ റഫറല്‍ സംവിധാനം പേരിലൊതുങ്ങുന്നു. മലബാറിലെ ഏറ്റവും കൂടുതല്‍ രോഗികളെത്തുന്ന ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ അപര്യാപ്തതകളേറെയാണ്. മെഡിക്കല്‍ കോളജ് ആശുപത്രി റഫറല്‍ ആയിട്ട് 26 വര്‍ഷം പിന്നിട്ടെങ്കിലും ഇവിടത്തെ ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ യാതൊരു മാറ്റവും വന്നിട്ടില്ല.
പൊതു സ്വഭാവമുള്ള മിക്ക രോഗങ്ങളും മെഡിസിന്‍ വിഭാഗത്തിലാണ് പരിശോധിക്കുക. ആറ് യൂനിറ്റുകളാണ് ഈ വിഭാഗത്തിനുള്ളത്. 20ഉം 22ഉം ബെഡുകളുള്ള ഓരോ മെഡിസിന്‍ വാര്‍ഡുകളില്‍ 150-200ഉം രോഗികളാണ് തറയിലും വരാന്തയിലും കിടന്ന് ചികില്‍സ തേടുന്നത്. ഇതു കാരണം മതിയായ പരിശോധന നടത്തുന്നതിനോ ചികില്‍സ നല്‍കാനോ സാധിക്കുന്നില്ല. പലപ്പോഴും ചെറിയ അസുഖങ്ങളുമായി വന്ന് വലിയ അസുഖം പിടിപെട്ട് പോവേണ്ട അനുഭവമാണുള്ളത്. രോഗികളുടെ ബാഹുല്യം മൂലം ഡോക്ടര്‍മാര്‍ക്കോ ജീവനക്കാര്‍ക്കോ ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
കൊറോണറി കെയര്‍ യൂനിറ്റിലെ സൗകര്യക്കുറവും മെഡിക്കല്‍ ഐസിയുവിന്റെ അഭാവവും അടിയന്തിര ചികില്‍സ ആവശ്യമുള്ള രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നു. ഹൃദയസ്തംഭനം, സെപ്റ്റിസീമിയ, വിഷബാധ, പാമ്പുകടി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുമായെത്തുന്നവര്‍ക്ക് അത്യാധുനിക ചികില്‍സ നല്‍കാനുള്ള സൗകര്യം വളരെ പരിമിതമാണ്.
സിസിയുവിലുള്ള ആറ് കട്ടിലുകളിലും ട്രോളികളിലും രോഗികളെ കിടത്തി ചികില്‍സിക്കാറുണ്ടെങ്കിലും വിദഗ്ധ ചികില്‍സ ആവശ്യമായ രോഗികള്‍ ഇതിന്റെ ഇരട്ടിയാണ്. ഹൃദയത്തിന്റേയും വൃക്കയുടേയും കരളിന്റേയും പ്രവര്‍ത്തനം നിലക്കുക, ആന്തരികവയവങ്ങളില്‍ രക്തസ്രാവം തുടങ്ങിയ അസുഖങ്ങളുമായെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികില്‍സ നല്‍കണമെങ്കില്‍ മതിയായ രീതിയിലുള്ള മെഡിക്കല്‍ ഐ.ഡി യും കൂടിയേ തീരുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ കോളജ് ആരംഭിച്ച് 50 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷം മുമ്പാണ് ചെറിയ തോതിലെങ്കിലും ഒരു മെഡിസിന്‍ ഐസിയു സ്ഥാപിതമായത്. അഞ്ചു ബെഡുകളോടു കൂടി രണ്ടാം വാര്‍ഡിനു സമീപത്തായി ഇത് പ്രവര്‍ത്തിക്കുന്നു. മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി കെ ശശിധരന്‍ ഒരു പ്രോജക്ട് തയാറാക്കി നേരിട്ട് മന്ത്രിക്കു സമര്‍പ്പിച്ചുവെങ്കിലും ഒരു ഫലവുമുണ്ടായില്ല.
Next Story

RELATED STORIES

Share it