kozhikode local

മെഡിക്കല്‍ കോളജ്: മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അതിനോടു ചേര്‍ന്ന ഐഎംസിഎച്ചി (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും) ലും ആശുപത്രി അധികൃതര്‍ കൂടുതല്‍ മുന്‍കരുതലിനായി ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പാവപ്പെട്ട രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.
അത്യാഹിത കേസുകള്‍ മാത്രം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ മതി, സാധാരണ പ്രസവ കേസുകള്‍ ഐഎംസിഎച്ചില്‍ പ്രവേശിക്കേണ്ടതില്ല എന്നിങ്ങനെയാണ് അധികൃതര്‍ ഇന്നലെ സ്വീകരിച്ചിട്ടുള്ള നടപടികള്‍. സുരക്ഷ സംബന്ധിച്ച് ഏറെ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലാണ് അത്യാസന്ന നിലയിലുള്ള രോഗികളെ മാത്രം ആശുപത്രിയില്‍ പ്രവേശനം നല്‍കിയാല്‍ മതിയെന്ന നിര്‍ദേശത്തിനു  നിദാനം . അത്യാസന്ന നിലയിലുള്ള രോഗികളെ വാര്‍ഡുകളില്‍ നിലനിര്‍ത്തി മറ്റുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാനും നിര്‍ദേശമുണ്ട്.  ദിവസവും നൂറുകണക്കിന് രോഗികളാണ് അയല്‍ജില്ലകളില്‍ നിന്നടക്കം ഇവിടെ എത്താറ്. പുതിയ നിര്‍ദേശങ്ങള്‍ ആതുരശുശ്രൂഷ രംഗത്തെ സാരമായി ബാധിക്കും.
രോഗം അല്‍പം ഭേദപ്പെട്ട രോഗികളെ തുടര്‍ ചികില്‍സയ്ക്കായി ഇനി എവിടേക്ക് കൊണ്ടുപോവുമെന്ന ആശങ്കയാണ് കുടുംബങ്ങള്‍ക്ക് .ഗൈനക്കോളജിസ്റ്റുകളുടെ നിര്‍ദേശം അനുസരിച്ച് പരിചരണം നടത്തിവരുന്ന ഗര്‍ഭിണികള്‍ക്ക് പെട്ടെന്ന് ഒരു പുതിയ ആശുപത്രി തേടുകയും പ്രയാസമാണ്.പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളില്‍ സാധാരണ പ്രസവകേസുകള്‍ക്ക് പോലും വലിയ തോതിലുള്ള ഫീസാണ് ഈടാക്കുന്നത്.
സാധാരണക്കാരന് ഒരിക്കലും താങ്ങാവുന്നതുമല്ല. മറ്റു രോഗാവസ്ഥയിലുള്ളവര്‍ക്കും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ലഭ്യമാകുന്ന തുടര്‍ചികില്‍സക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവരിക എന്നതും പ്രയാസമുണ്ടാക്കും. പൊതുവെ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുറച്ചൊന്നുമല്ല പുതിയ നിര്‍ദേശങ്ങള്‍ മൂലം ഉണ്ടാക്കുന്ന പ്രയാസങ്ങള്‍. ഇതിന് ബദല്‍ നടപടികള്‍ക്കായുളള മുറവിളി ഉയരുകയാണ്.
Next Story

RELATED STORIES

Share it