malappuram local

മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന് ആംബുലന്‍സുകള്‍ മാറ്റാന്‍ നിര്‍ദേശം

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിനു സമീപം നിര്‍ത്തിയിടുന്ന ആംബുലന്‍സുകള്‍ ആശുപത്രി പരിസരത്തുനിന്നു മാറ്റണമെന്ന് നിര്‍ദേശം. മൂന്നു ദിവസത്തിനകം ആശുപത്രി പരിസരത്തെ ആംബുലന്‍സ് പാര്‍ക്കിങ് മെഡിക്കല്‍ കോളജിനു പുറത്ത് ടിബി റോഡ് പരിസരത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡ്രൈവര്‍മാര്‍ക്ക് തിങ്കളാഴ്ച നോട്ടീസ് നല്‍കി. അത്യാഹിത വിഭാഗത്തിന് ഏറെ അകലെ ആംബുലന്‍സ് പാര്‍ക്കിങ് നിശ്ചയിച്ചതില്‍ പ്രതിഷേധം വ്യാപകമാണ്.
15 ആംബുലന്‍സുകളാണ് നിലവില്‍ അത്യാഹിത വിഭാഗത്തിനു സമീപത്തെ വാഹന പാര്‍ക്കിങ് കേന്ദ്രത്തോടു ചേര്‍ന്നു നിര്‍ത്തിയിടുന്നത്. ഇവിടെ ആതുരാലയ നവീകരണത്തിന്റെ ഭാഗമായി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാല്‍ പാര്‍ക്കിങ് കേന്ദ്രം മാറ്റണമെന്ന് ജൂണ്‍ 23ന് ചേര്‍ന്ന ആശുപത്രി ഗവേണിങ് ബോഡി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയതെന്നാണ് ആതുരാലയ അധികൃതരുടെ വിശദീകരണം. ഇക്കാര്യം നോട്ടീസില്‍ വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍, നിലവില്‍ കണ്ടെത്തിയ സ്ഥലം രോഗികള്‍ക്കും ആംബുലന്‍സ് ജീവനക്കാര്‍ക്കും മികച്ച സേവനം ഉറപ്പാക്കുന്നതിനു തടസ്സമാവുമെന്നാണ് വിലയിരുത്തല്‍. ടിബി റോഡ് പരിസരത്തു നിന്ന് ആംബുലന്‍സുകള്‍ക്ക് അത്യാഹിത വിഭാഗത്തിലെത്താന്‍ കോര്‍ട്ട് റോഡില്‍ ആശുപത്രിക്കു മുന്നില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പ്രധാന വെല്ലുവിളിയാണ്. ടിബി റോഡിലൂടെ പ്രധാന നിരത്തിലെത്തി മെഡിക്കല്‍ കോളജ് റോഡിലേക്കു പ്രവേശിക്കുന്നതും ഏറെ ശ്രമകരമാണ്.
ഇടുങ്ങിയ പാതയില്‍ രാവിലേയും വൈകുന്നേരവും വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടാറ്. അത്യാസന്ന നിലയിലുള്ള രോഗികളെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ഇത് തടസ്സമാവും. ഗുരുതരാവസ്ഥയിലുള്ള രോഗികളെ നിരന്തരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്കും സ്‌കാനിങ് കേന്ദ്രങ്ങളിലേക്കും മാറ്റാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കുമ്പോള്‍ ആംബുലന്‍സിനായി അലയേണ്ട ഗതികേടാവും രോഗികള്‍ക്കൊപ്പമുള്ളവര്‍ നേരിടേണ്ടിവരുക. ഇതിനെതിരേ പൊതുപ്രവര്‍ത്തകരും രോഗികളുമടക്കമുള്ളവരും രംഗത്തുണ്ട്. നിലവിലെ സ്ഥലത്തുനിന്ന് വാഹനങ്ങള്‍ മാറ്റാമെങ്കിലും ആതുരാലയ പരിസരത്ത് അത്യാഹിത വിഭാഗത്തിനടുത്തായിത്തന്നെ ആംബുലന്‍സുകള്‍ പാര്‍ക്കുചെയ്യാന്‍ സൗകര്യമൊരുക്കണമെന്നാണ് ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നത്.
മറ്റൊരു മെഡിക്കല്‍ കോളജിലുമില്ലാത്ത രീതി മഞ്ചേരിയില്‍ അടിച്ചേല്‍പ്പിച്ചാല്‍ സമരരംഗത്തിറങ്ങുമെന്നും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടന മുന്നറിയിപ്പു നല്‍കി. സൗകര്യപ്രദമായ സ്ഥലത്ത് ആംബുലന്‍സ് പാര്‍ക്കിങ് ഒരുക്കണമെന്ന് മെഡിക്കല്‍ കോളജ് അധികൃതരോടും നഗരസഭ, പോലിസ് തുടങ്ങി വിവിധ വകുപ്പു മേധാവികളോടും ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ഡ്രൈവര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ബുധനാഴ്ചയ്ക്കകം പാര്‍ക്കിങ് അത്യാഹിത വിഭാഗത്തില്‍നിന്നു മാറ്റണമെന്ന അധികൃത നിര്‍ദേശം നിലനില്‍ക്കെ ഇതിനെതിരേ വിവിധ സംഘടനകളും പ്രതിഷേധമറിയിച്ചു രംഗത്തെത്തി. അസൗകര്യങ്ങള്‍ ഏറെയുള്ള മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആംബുലന്‍സ് സൗകര്യവും യഥാസമയം ലഭിക്കാത്ത നിലയാവും പുതിയ തീരുമാനം നടപ്പായാലെന്ന ആശങ്ക ശക്തമാണ്.

Next Story

RELATED STORIES

Share it