kozhikode local

മെഡിക്കല്‍ കോളജ് പരിസരത്ത് സൗജന്യ നോമ്പുതുറ വിഭവങ്ങളുമായി സന്നദ്ധ സംഘടനകള്‍ സജീവം

ഇ  രാജന്‍
കോഴിക്കോട്: മെഡിക്കല്‍ കോളജാശുപത്രിയിലും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള രോഗികള്‍ക്കും സഹായികള്‍ക്കും നോമ്പുതുറവിഭവങ്ങളും അത്താഴവും സൗജന്യമായി വിതരണം ചെയ്ത് വിവിധ സന്നദ്ധ സംഘടനകള്‍. നോമ്പുതുറക്കും അത്താഴത്തിനുമുള്ള വിഭവങ്ങള്‍ വിതരണം ചെയ്യുന്ന സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും അനുഗ്രഹമാവുന്നു. 2001 ല്‍ പ്രവര്‍ത്തനമാരംഭിച്ച സിഎച്ച് സെന്റര്‍ ഇന്ന് 17-ാം വര്‍ഷമാണ് ഭക്ഷണ വിതരണം നടത്തുന്നത്.  ദിവസേവന 2000 പേര്‍ക്കാണ് നോമ്പുതുറക്കും അത്താഴത്തിനുമുള്ള വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്.
പ്രഭാത ഭക്ഷണവും മറ്റു സമുദായക്കാര്‍ക്കായി രാത്രി ഭക്ഷണവും നല്‍കിവരുന്നുണ്ട്. സെ ന്ററില്‍ മൂന്ന് ഷിഫ്റ്റുകളിലായി ദിവസേന 39 ഡയാലിസിസ് നടക്കുന്നു. കോവൂരിനു സമീപം ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിലാണ് ഈ സേവനങ്ങള്‍ നടത്തിവരുന്നത്. മറ്റൊരു പ്രധാന പദ്ധതിയാണ് ശിഹാബ്തങ്ങള്‍ ഡയഗ്നോസ്റ്റിക് സെന്റര്‍. സിടി സ്‌കാന്‍, അള്‍ട്രാ സൗണ്ട്‌സ്‌കാന്‍, കളര്‍ ഡോപഌ എന്നിവ മെഡിക്കല്‍ കോളജ് നിരക്കിലാണ് ലഭ്യമാക്കുന്നത്. സിഎച്ച് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്ന രോഗികളെ വാര്‍ഡുകളില്‍ സന്ദര്‍ശനം നടത്തി രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് സഹായം അനുവദിക്കുന്നത്. ലബോറട്ടറി സംവിധാനം, ആംബുലന്‍സ് സേവനം, ആശുപത്രി നവീകരണം, സ്‌പെഷ്യല്‍ ചാരിറ്റിസെല്‍, എന്നിവയും സി എച്ച് സെന്റര്‍ നടത്തുന്നുണ്ട്. എം എ റസാഖ് മാസ്റ്റര്‍ ജനറല്‍ സെക്രട്ടറിയും കെ പി കോയ പ്രസിഡന്റും എ പി അബ്ദുസ്സമദ് ചെയര്‍മാനും ഇബ്രാഹിം എളേറ്റില്‍ ഖജാഞ്ചിയുമായ കമ്മിറ്റിയാണ് സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മെഡിക്കല്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന സന്നദ്ധ സംഘടന ദിവസേന 500 ഓളം പേര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്യുന്നു. 2004 ല്‍ ആണ് കനിവ് എന്ന സംഘടന മെഡിക്കല്‍ കോളജിനു സമീപം പ്രവര്‍ത്തനമാരംഭിച്ചത്. 13 വര്‍ഷമായി സ്ഥിരമായി സൗജന്യ ഭക്ഷണം നല്‍കിവരുന്നു. മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വാര്‍ഡുകള്‍ കനിവിന്റെ നേതൃത്വത്തില്‍ നവീകരിച്ചു. മലയോരവികസന പ്രവര്‍ത്തനങ്ങള്‍ക്കും കനിവിന്റെ ആഭിമുഖ്യത്തില്‍ തുടക്കമിട്ടു. കനിവ് ഗ്രാമം എന്ന പേരില്‍ താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ കേന്ദ്രീകരിച്ച് മലയോര വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. മലയോരമേഖലയില്‍ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കുന്നു.  മരുന്നും ഭക്ഷണത്തിന് പ്രയാസപ്പെടുന്നവര്‍ക്ക് എല്ലാ മാസവും ഭക്ഷണകിറ്റും എത്തിച്ചുകൊടുക്കുന്നു. മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ വോളന്റിയര്‍മാരുടെ സേവനവും കനിവിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ചെറുവണ്ണൂര്‍, കുറ്റിയാടി, ആയഞ്ചേരി, കുറ്റിക്കാട്ടൂര്‍ എന്നീ സ്ഥലങ്ങളില്‍ കനിവ് ഹോം കെയര്‍ പരിചരണം നടത്തിവരുന്നു. ലുക്കീമിയ ബാധിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ സ്‌പെഷ്യല്‍ ഭക്ഷണവും കനിവ് നല്‍കുന്നു. ആധുനിക സൗകര്യത്തോടുകൂടിയ ആംബുലന്‍സ് സര്‍വീസ് രോഗികള്‍ക്കായി സൗജന്യനിരക്കില്‍ 24 മണിക്കൂറും സര്‍വീസ് നടത്തുന്നു. ആവശ്യമായ വീല്‍ ചെയര്‍, വാക്കര്‍, വാട്ടര്‍ ബെഡ്, എയര്‍ബെഡ്, സ്‌ട്രെക്ചര്‍ ചികില്‍സാ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കിവരുന്നു.
ശരീഫ് കുറ്റിക്കാട്ടൂര്‍ ജനറല്‍ സെക്രട്ടറിയും വി പി ബഷീര്‍ പ്രസിഡന്റും എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് കനിവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.2016 ല്‍ മെഡിക്കല്‍ കോളജ് പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ച പ്രതീക്ഷസര്‍വീസ് സെന്റര്‍ മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് നോമ്പുതറ വിഭവങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നത് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമാകുന്നു. കൂടാതെ മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് ആംബുലന്‍സ് സര്‍വീസും നടത്തുന്നു. കാന്‍സര്‍ വാര്‍ഡിലെ രോഗികള്‍ക്കായി സൗജന്യമായി കഞ്ഞി ദിവസേന വിതരണം ചെയ്യുന്നു. മെഡിക്കല്‍ കോളജില്‍ ചികില്‍സാ ഉപകരണങ്ങള്‍, വാക്കര്‍, എയര്‍ബെഡ്, കട്ടില്‍, വീല്‍ ചെയര്‍ നല്‍കിവരുന്നു.  രക്തദാനവും നല്‍കിവരുന്നു.
നിസാര്‍ അഹമ്മദ് ജനറല്‍ സെക്രട്ടറിയും മുസ്തഫ കൊമ്മേരി പ്രസിഡന്റുമായുള്ള കമ്മിറ്റിയാണ് പ്രതീക്ഷ സര്‍വീസ് സെന്ററിന് നേതൃത്വം നല്‍കുന്നത്. 2009 ല്‍ മെഡിക്കല്‍ കോളജിനു സമീപം പ്രവര്‍ത്തനമാംരഭിച്ച സഹായി വാദിസലാം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് സൗജന്യമായി നോമ്പുതുറവിഭവങ്ങളും അത്താഴഭക്ഷണവും വിതരണം ചെയ്യുന്നു. കൂടാതെ ജാതിമതഭേദമന്യേ എല്ലാ രോഗികള്‍ക്കും സഹായികള്‍ക്കും ദിവസേന 500 പേര്‍ക്ക് സൗജന്യ ഭക്ഷണവിതരണം ചെയ്തുവരുന്നു.
മെഡിക്കല്‍കോളജില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി മരുന്നും വിതരണം ചെയ്യുന്നു. സഹായി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. 2750 ഡയാലിസിസുകള്‍ സൗജന്യമായി ചെയ്തുകഴിഞ്ഞു. അത്യാഹിതവിഭാഗത്തിലും വാര്‍ഡുകളിലും സഹായി വോളന്റിയര്‍മാര്‍ സേവനം നല്‍കിവരുന്നു. മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നു. ദീര്‍ഘകാലം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക് വാട്ടര്‍ ബെഡ്, എയര്‍ബെഡ്, വീല്‍ചെയറുകള്‍, സ്‌ട്രെച്ചര്‍, വാക്കിങ്‌സ്റ്റിക്, മെഡിസിന്‍ ട്രോളികള്‍ തുടങ്ങിയവ സ്ഥിരമായി നല്‍കികൊണ്ടിരിക്കുന്നു.
മരണാനന്തര കര്‍മ്മങ്ങളും സഹായി ഏറ്റെടുത്തുനടത്തുന്നു. അബ്ദുല്ല സഅദി ചെറുവാടി പ്രസിഡന്റും നാസര്‍ ചെറുവാടി ജന. സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്. ഐഎസ്എമ്മും വര്‍ഷങ്ങളായി മെഡിക്കല്‍കോളജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറവിഭവങ്ങളും ഭക്ഷണവിതരണവും നടത്തിവരുന്നു. സൗജന്യ മരുന്നും വാട്ടര്‍ ബെഡും ഐഎസ്എം മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്തുവരുന്നു.
Next Story

RELATED STORIES

Share it