kasaragod local

മെഡിക്കല്‍ കോളജ് നിര്‍മാണം ചുവപ്പുനാടയില്‍

പെര്‍ള: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള ജില്ലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് നിര്‍മാണം ചുവപ്പുനാടയില്‍. 2013 നവംബര്‍ 30നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടത്. 188 കോടി രൂപയുടെ പ്രോജക്ടാണുള്ളത്.
2017ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഒന്നിലധികം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഉണ്ടായിരിക്കുമ്പോള്‍ ജില്ലയില്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളജ് തറക്കല്ലില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. ഇതോടൊപ്പം അനുവദിച്ച സംസ്ഥാന മറ്റ് നാല് മെഡിക്കല്‍ കോളജുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പഠനവും ചികില്‍സയും നേരത്തെയും ആരംഭിച്ചിരുന്നു. കാസര്‍കോട് പാക്കേജില്‍ 25 കോടിയും നബാര്‍ഡ് മുഖേന 68 കോടിയും അനുവദിച്ചിട്ടും നിര്‍മാണം ആരംഭിച്ചിട്ടില്ല.
ടെന്‍ഡര്‍ തുക കൂടിയതിനാല്‍ ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ പ്രക്ഷോഭം നടത്തിയെങ്കിലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല.
തുടക്കത്തില്‍ 300ഉം രണ്ടാം ഘട്ടത്തില്‍ 500ഉം കിടക്കയുള്ള ആശുപത്രിയോടെയുള്ള മെഡിക്കല്‍ കോളജാണ് നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ഇതിനായി 62 ഏക്കര്‍ റവന്യൂ ഭൂമി അനുവദിച്ചു. 384 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
ഒരു കോടിയോളം രൂപ ചിലവഴിച്ച് ഇതിനായി റോഡ് നിര്‍മിച്ചിരുന്നെങ്കിലും അതെല്ലാം തകര്‍ന്നു കഴിഞ്ഞു.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌കോയ്ക്കാണ് നിര്‍മാണ ചുമതല. ആദ്യഘട്ടത്തില്‍ 25 കോടി രൂപ ചെലവഴിച്ച് കോളജും 68 കോടി രൂപ ചെലവഴിച്ച് ആശുപത്രിയും നിര്‍മിക്കാനാണ് ലക്ഷ്യമിട്ടത്. മികച്ച ആശുപത്രികളൊന്നുമില്ലാത്ത ജില്ലയില്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി സൗകര്യമുള്ള മെഡിക്കല്‍ കോളജ് വരുന്നത് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
കോളജിന് തറക്കല്ലിട്ട രണ്ടാം വാര്‍ഷികത്തില്‍ ബദിയടുക്കയില്‍ എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it