Kottayam Local

മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ മാലിന്യം കുഴിച്ചുമൂടരുത്: കലക്ടര്‍

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ മാലിന്യം കുഴിച്ചുമൂടുന്ന സമ്പ്രദായം അവസാനിപ്പിക്കുമെന്ന് കലക്ടര്‍ സ്വാഗത് ഭണ്ഡാരി.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നഴ്‌സിങ് കോളജിന്റെ പിന്‍ഭാഗത്ത് ആശുപത്രിയിലെ ശസ്ത്രക്രിയ തിയേറ്റര്‍, ഇതര ലബോറട്ടറികള്‍, വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിന്നു ശേഖരിക്കുന്ന മാലിന്യം നഴ്‌സിങ് ഹോസ്റ്റലിന്റെ പിന്‍ഭാഗത്ത് പ്ലാസ്റ്റിക് കവറുകളിലായി കൂട്ടിയിടുകയായിരുന്നു.
ഇതിനെതിരേ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനികളുടെയും മെഡിക്കല്‍ സര്‍വീസ് സെന്ററിന്റെയും നേതൃത്വത്തില്‍ രണ്ടുദിവസം സമരം നടത്തിയിരുന്നു.
മാലിന്യം നിക്ഷേപിക്കാന്‍ എത്തിയ എക്‌സ്‌കവേറ്റര്‍ തടഞ്ഞുകൊണ്ടായിരുന്നു സമരം.
തുടര്‍ന്ന് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ മാലിന്യം ആഴത്തില്‍ കുഴിയെടുത്ത് അതില്‍ നിക്ഷേപിച്ചു മൂടാനുള്ള നടപടി എടുക്കാന്‍ തീരുമാനിച്ച് സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ ഡോക്ടര്‍മാരും നടത്തിയ സമരം മാധ്യമങ്ങളിലൂടെ അറിഞ്ഞ കലക്ടര്‍ ഇന്നലെ വിദ്യാര്‍ഥികളേയും ആശുപത്രി അധികൃതരേയും അവരുടെ ചേമ്പറില്‍ വിളിച്ചുവരുത്തുകയായിരുന്നു.
ഉച്ചയ്ക്കു ശേഷം നടന്ന ചര്‍ച്ചയില്‍ വര്‍ഷങ്ങളായി മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ പ്ലാസ്റ്റിക് കവറുകളില്‍ നിക്ഷേപിക്കുന്ന മാലിന്യം ഇനി മുതല്‍ കത്തിച്ച് കളയാനുള്ള സംവിധാനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കാനും കലക്ടേറ്റില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.
ബയോ മെഡിക്കല്‍ മാലിന്യം പാലക്കാട്ടുള്ള ഇമേജ് എന്ന സ്ഥാപനത്തില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ എത്തിച്ചു കത്തിച്ചുകളയാനും മറ്റു മാലിന്യങ്ങള്‍ ആശുപത്രി കോമ്പൗണ്ടില്‍ തന്നെ കത്തിച്ചുകളയാനും ഇന്‍സിലേറ്റര്‍ സ്ഥാപിക്കാനും തീരുമാനമായി. പ്ലാസ്റ്റിക്ക് രഹിത മെഡിക്കല്‍ കോളജിനായി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഒരു കാംപയിന്‍ നടത്താനും തീരുമാനമായി.
ഈ അടുത്ത ദിവസങ്ങളിലായി പ്ലാസ്റ്റിക്ക് കവറുകളില്‍ നിക്ഷേപിച്ചതും മണ്ണിട്ട് മൂടിയതുമായ മാലിന്യങ്ങള്‍ അവിടെ നിന്നു നീക്കം ചെയ്യാനും തീരുമാനമായി. കലക്ടറെ കൂടാതെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജു ജേക്കബ്, സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, നഴ്‌സിങ് കോളജ് സൂപ്രണ്ട് പങ്കെടുത്തു.
Next Story

RELATED STORIES

Share it