Kottayam Local

മെഡിക്കല്‍ കോളജ്: കേന്ദ്രീകൃത ലാബിന്റെ പ്രവര്‍ത്തനം തകരാറിലായി

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കേന്ദ്രീകൃത ലാബിന്റെ പ്രവര്‍ത്തനം തകരാറിലായി. സംഭവത്തെ തുടര്‍ന്ന് വിവിധ പരിശോധനകള്‍ക്കെത്തിയ രോഗികള്‍ ദുരിതത്തിലായി. കേന്ദ്രീകൃതലാബിലെ ബയോകെമസ്ട്രി ലാബ് തിങ്കളാഴ്ച ഉച്ചയോടെയും ഐപി ലാബ് ഇന്നലെ ഉച്ചയോടെയും തകരാറിലാവുകയായിരുന്നു.
ലാബുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ വിവിധ രക്ത, മൂത്ര പരിശോധനകളാണ് മുടങ്ങിയത്. ബയോെകമിസ്ട്രി ലാബില്‍ സോഡിയം പൊട്ടാസ്യം, ക്രിയാറ്റിന്‍, കോളസ്‌ട്രോള്‍ ടെസ്റ്റ് തുടങ്ങിയ നിരവധി പരിശോധനകളാണ് മുടങ്ങിയത്. തുടര്‍ന്ന് രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കുകയായിരുന്നു. വിവിധ ജില്ലകളില്‍ നിന്നു ആയിരക്കണക്കിന് രോഗികളാണ് ദിവസേന മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടുന്നത്.
ഇതിനുപുറമേ ആയിരക്കണക്കിന് രോഗികള്‍ വിവിധ വാര്‍ഡുകളില്‍ കിടത്തി ചികില്‍സയിലുമുണ്ട്. ഒപിയിലെയും വാര്‍ഡിലെയും രോഗികള്‍ക്ക് രോഗനിര്‍ണയനത്തിന് രക്ത, മുത്ര പരിശോധനകള്‍ അടിയന്തരമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കേന്ദ്രീകൃത ലാബില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് രക്ത, മൂത്ര പരിശോധനകള്‍ സൗജന്യമാണ്. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്കും ബിപിഎല്‍ റേഷന്‍ കാര്‍ഡ് കൊണ്ടുവരാത്തവര്‍ക്കും സ്വകാര്യസ്ഥാപനങ്ങളെ അപേക്ഷിച്ച് തുശ്ചമായ തുകമാത്രമാണ് പരിശോധനകള്‍ക്ക് കേന്ദ്രീകൃതലാബില്‍ ഈടാക്കുന്നത്.
ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുള്ളവര്‍ക്കും സൗജന്യ പരിശോധനകള്‍ ലഭിക്കും. എന്നാല്‍ ലാബിന്റെ പ്രവര്‍ത്തനം മുടങ്ങിയതോടെ സൗജന്യ പരിശോധന ലഭിക്കുന്നവര്‍ അടക്കം മുഴുവന്‍ രോഗികളും പ്രതിസന്ധിയിലായി.
വലിയ തുകകൊടുത്ത് ആശുപത്രിക്ക് പുറത്തെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് പരിശോധന നടത്തിയത്.
ആശുപത്രിയിലെ ലാബ് തകരാറിലായതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ കുടുതല്‍ എജന്റുമാരെ ഇറക്കിയാണ് തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് രോഗികളെ കൂട്ടികൊണ്ടുപോയത്.
രക്ത സാംപിളുമായി വരുന്ന രോഗികളെയും ബന്ധുക്കളെയും ഏജന്റുമാര്‍ സമീപിച്ച് തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ പരിശോധനഫലങ്ങള്‍ക്ക് വ്യത്യസ്ത ഫീസാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it