Kottayam Local

മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 5.5 കോടി രൂപ അനുവദിച്ചു

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 5.5 കോടി രൂപാ അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്രയും തുക അനുവദിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ നാളുകളായി ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് എംആര്‍ഐ മെഷീന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചായിരിന്നു. ഇതിനാല്‍ ഈ മെഷീന്‍ സ്ഥാപിക്കുന്നതിന് ആദ്യ ഘട്ടമായി രണ്ടു കോടി രൂപാ അനുവദിച്ചു. ബാക്കി തുക ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന എംആര്‍ഐ മെഷീന്‍ കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ഹിന്ദ് ലാബ് ആണ്. അവിടെ സ്വകാര്യ സ്ഥാപനത്തേക്കാള്‍ കുറഞ്ഞ ഫീസ് (3500) ആണുള്ളതെങ്കിലും ആഴ്ചകള്‍ കാത്തിരുന്നെങ്കില്‍ മാത്രമേ സ്‌കാനിങ് ചെയ്യാന്‍ സാധിക്കൂ. ഇക്കാരണത്താല്‍ ചില അടിയന്തര ഘട്ടങ്ങളില്‍ നിര്‍ധനരായ രോഗികള്‍ പോലും സ്വകാര്യ സ്‌കാനിങ് സ്ഥാപനത്തെ ആശ്രയിക്കേണ്ടി വരുന്നു.
മെഡിക്കല്‍ കോളജിനു സ്വന്തമായി എംആര്‍ഐ സ്‌കാനിങ് വരുന്നതോടെ രോഗികള്‍ക്കു വളരെ അശ്വാസകരമായിരിക്കും. കൂടാതെ 20 ലക്ഷം രൂപാ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ രണ്ടു വെന്റിലേറ്റര്‍ ഐസിയു യൂനിറ്റ് സ്ഥാപിക്കാനും, 10 ലക്ഷം രൂപാ പകര്‍ച്ചവ്യാധി വിഭാഗത്തില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കാനുമാണ്. കാര്‍ഡിയോളജി വിഭാഗത്തില്‍ ട്യൂബ് ഇടാതെ കിടത്തുന്ന രോഗികള്‍ക്കു വേണ്ടി രണ്ട് വെന്റിലേറ്റര്‍ യൂനിറ്റിനു വേണ്ടി 4.94 ലക്ഷവും, ഗൈനക്കോളജി വിഭാഗത്തില്‍ 16 ലക്ഷവും അനുവദിച്ചു. റേഡിയോ ഡയഗ്‌നോസി വിഭാഗത്തില്‍ രോഗം സംബന്ധിച്ച വിവരങ്ങള്‍ വളരെ വിശദമായി പെട്ടെന്നു കണ്ടു പിടിക്കാന്‍ കഴിയുന്ന ഹൈ റെസല്യൂഷനുള്ള അള്‍ട്രാസൗണ്ട് ഡോപ്ലര്‍ മെഷീന്‍ വാങ്ങുന്നതിന് 15 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്.
13 ലക്ഷം രുപ അനസ്തീഷ്യവര്‍ക്കു സ്റ്റേഷനും 47 ലക്ഷം രൂപാ ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ എന്‍ഡോസ് കോപ്പി സിസ്റ്റത്തിനായും ഉണ്ട്. ഇഎന്‍ടി വിഭാഗത്തില്‍ എച്ച്ഡി എന്‍ഡോസ് കോപ്പി കാമറയ്ക്കു 10 ലക്ഷവും മെഡിക്കല്‍ ബുക്കിനും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ജേണലിനുമായി 30 ലക്ഷവും, സിസിടിവി ഇന്‍സിലേഷനു 18 ലക്ഷവും, ലിംഫ് ഫിറ്റിങ് സെന്റര്‍ നവീകരിക്കുന്നതിന് 25 ലക്ഷവും, ഹൃദയ ശസ്ത്രക്രിയ വിഭാഗത്തില്‍ ഹാര്‍ട്ട് ലങ്ങ് മിഷ്യന് 61.46 ലക്ഷവുമാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇത് പ്രവര്‍ത്തന സജ്ജമായാല്‍ സാധാരണക്കാരായ രോഗികള്‍ക്ക് വേഗത്തില്‍ മെച്ചപ്പെട്ട ചികില്‍സ നല്‍കാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ വൈദ്യുതി ബന്ധം നിലച്ചാല്‍ നവജാത ശിശുക്കളെയും പീഡിയാട്രിക് വിഭാഗം രോഗികളും കിടത്തുന്ന വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു നിശ്ചലമാവും. ഇതിനാല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു കെവി  ജനറേറ്റര്‍ മാറ്റി മെഡിക്കല്‍ കോളജില്‍ നിന്ന് കൊണ്ടുവന്ന 68 കെവി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it