kozhikode local

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചോറുവിതരണം ജൂലൈയില്‍ പുനരാരംഭിക്കും

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചോറു വിതരണം ജൂലൈ രണ്ടാം വാരത്തോടെ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് അടുക്കളയുടേയും മറ്റും അറ്റകുറ്റപ്പണിക്കായി 5.4 ലക്ഷം അനുവദിക്കും. ഇലക്ട്രിക്കല്‍ പണികള്‍ക്കായി പൊതുമരാമത്ത് വകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം 2.6 ലക്ഷം സാമൂഹിക നീതി വകുപ്പ് നല്‍കാന്‍ ധാരണയായി. ഇത് വകുപ്പിന്റെ തിരുവനന്തപുരത്തുള്ള ഓഫിസില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് എത്രയും വേഗം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചാല്‍ ഒന്നരമാസംകൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ജൂലൈ 15 ഓടെ ചോറു വിതരണം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ ജി സജിത്ത്കുമാര്‍ പറഞ്ഞു. യോഗത്തില്‍ ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, സുപ്രണ്ട് കെ ജി സജിത്ത്കുമാര്‍, ആശുപത്രി ഹെല്‍ത്ത് സൂപ്രണ്ട് കുട്ടന്‍, സാമൂഹിക സുരക്ഷാ മിഷന്‍ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എം പി ഫൈസല്‍, പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ ഇ രഞ്ജി, പ്രമോദ്, ആര്‍ എം ഒ ഡോ. ഡാനിഷ് പങ്കെടുത്തു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 140 ദിവസമായി ചോറു വിതരണം മുടങ്ങിയ കാര്യം വാര്‍ത്തയായിരുന്നു. വിശപ്പ് രഹിത നഗരം പദ്ധതി പ്രകാരമുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഉച്ചഭക്ഷണത്തില്‍ ചത്ത എലിയുടെ അവശിഷ്ടം കണ്ടതോടെയാണ് 2017 ഡിസംബര്‍ 28ന് അടുക്കള അടച്ചുപൂട്ടിയത്.
സൗജന്യ ഊണിനൊപ്പം വിതരണം ചെയ്ത കറിയിലാണ് എലിയുടെ തലയും വാലും മറ്റും വെന്ത നിലയില്‍ കിട്ടിയത്. തുടര്‍ന്ന് ജയില്‍ ചപ്പാത്തിയും കറിയുമാണ് വിതരണം ചെയ്തുവരുന്നത്.
Next Story

RELATED STORIES

Share it