Kottayam Local

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഞ്ചിങ് സംവിധാനത്തിനെതിരേ വ്യാപക പ്രതിഷേധം



ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരംഭിച്ച പഞ്ചിങ് സംവിധാനത്തിനെതിരേ ഡോക്ടര്‍മാരടക്കം എല്ലാ ജീവനക്കാരും എതിര്‍പ്പുമായി രംഗത്തെത്തി. മറ്റ് സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് ഏര്‍പ്പെടുത്തുന്നതു പോലെ ഗവ. ആശുപത്രികളില്‍ പഞ്ചിങ് ഏര്‍പ്പെടുത്തുന്നത് രോഗി പരിചരണത്തെ ബാധിക്കുമെന്നും ലോകത്ത് ആദ്യമായി ആശുപത്രികളില്‍ പഞ്ചിങ് ഏര്‍പ്പെടുത്തുന്നത് കേരളത്തില്‍ മാത്രമായിരിക്കുമെന്നും കേരളാ ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കോട്ടയം മെഡിക്കല്‍ കോളജ് പ്രസിഡന്റ് ഡോ. എം സി ടോമിച്ചന്‍ പറഞ്ഞു. എട്ടിന് ഡോക്ടര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കണമെന്ന് പറയുന്നുണ്ടെങ്കിലും എപ്പോള്‍ പോവണമെന്ന് പറയാത്തത് ഡോക്ടര്‍മാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കെജിഎംസിടിഎ മുന്‍ സംസ്ഥാന ഭാരവാഹി ഡോ. സി പി വിജയന്‍ പറഞ്ഞു. രാവിലെ എട്ടിന് പഞ്ചിങ് ചെയ്യുന്ന ഒരു ഡോക്ടര്‍ ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയയ്ക്കു ശേഷം രാത്രി സമയത്താണ് വീട്ടിലേക്കു മടങ്ങുന്നത്. 24 മണിക്കൂറും ഡ്യൂട്ടി ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരുമുണ്ട്. ചില സമയങ്ങളില്‍ രാത്രി സമയത്ത് സീനിയര്‍ ഡോക്ടര്‍മാര്‍ രോഗീ പരിചരണത്തിന് ആശുപത്രിയില്‍ എത്തിച്ചേരുന്നുണ്ട്. അതിനാല്‍ സര്‍ക്കാര്‍ തന്നിരിക്കുന്ന നിര്‍ദേശം പാലിക്കുമെങ്കിലും ഡോക്ടര്‍മാര്‍ തിരികെ പോകേണ്ട സമയംകൂട്ടി ക്രമീകരിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തയ്യാറാക്കണമെന്നും കെജിഎംസിടിഎ ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ 10 ഗവ. മെഡിക്കല്‍ കോളജ് കൂടാതെ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡെന്റര്‍, നഴ്‌സിങ് കോളജുകള്‍ അടക്കം 30 സ്ഥാപനങ്ങള്‍ക്കാണ് പഞ്ചിങ് സമ്പ്രദായം നിലവില്‍ വന്നത്. ഒരു മാസത്തെ ട്രെയിനിങിനു ശേഷമേ തുടരണോ വേണ്ടയോ എന്ന തീരുമാനിക്കുകയുള്ളു. അതേ സമയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും പഞ്ചിങ് സമയം രണ്ടുതരത്തിലാണ്. കുട്ടികളുടെ ആശുപത്രികളില്‍ രാവിലെ എട്ടിനും, ഉച്ചയ്ക്ക് ഒന്നിനും രാത്രി ആറിനുമായി മൂന്ന് ഷിഫ്റ്റുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജില്‍ യഥാക്രമം രാവിലെ 7.30, 1.30, വൈകീട്ട് 7.30 എന്നിങ്ങനെയാണ്. കുട്ടികളുടെ ആശുപത്രിയില്‍ ആവിഷ്‌കരിച്ച പഞ്ചിങ് സമയം തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടപ്പാക്കായില്‍ ദൂര സ്ഥലങ്ങളില്‍ നിന്നും ദിവസേന വന്നുപോവുന്ന ജീവനക്കാര്‍ക്കു ഗുണകരമാവുമെന്ന വിവിധ യൂനിയനുകളില്‍പ്പെട്ട ജീവനക്കാര്‍ പറയുന്നു. ഇതു സംബന്ധിച്ച് ഇവര്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ആശുപത്രികളില്‍ പഞ്ചിങ് സമ്പ്രദായം അശാസ്ത്രീയമാണെന്നും അത് പിന്‍വവലിക്കണമെന്നുമാണ് വിവിധ ട്രേഡ് യൂനിയന്‍ ഭാരവാഹികളുടെ അഭിപ്രായം.
Next Story

RELATED STORIES

Share it