Kottayam Local

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയെ ബന്ധുക്കള്‍ ഉപേക്ഷിച്ചു



ആര്‍പ്പൂക്കര: ചികില്‍സയില്‍ കഴിയുന്ന രോഗിയെ ബന്ധുക്കള്‍ ഉപേക്ഷിച്ചു. രോഗിയുടെ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പരിചരണം ഏറ്റെടുത്തു. രോഗിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ബന്ധുക്കള്‍ക്കെതിരേ പോലിസ് കേസെടുക്കണമെന്ന് ചികില്‍സക്കു നേതൃത്വം കൊടുക്കുന്ന വകുപ്പു മേധാവി ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കി. കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന തിരുവല്ല കുറ്റൂര്‍ നടത്തറ കോളനി സുഭാഷി(38)നെയാണ് ബന്ധുക്കള്‍ ഉപേക്ഷിച്ചത്. കഴിഞ്ഞ മെയ് 16ന് തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടിയ നിലയിലാണ് പോലിസ് സുഭാഷിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിതാവ്, സഹോദരന്‍, സഹോദരി എന്നിവര്‍ ആശുപത്രിയിലെത്തുകയും പരിചരിക്കുകയും ചെയ്തിരുന്നു.തലയ്ക്ക് പരിക്കേറ്റതിനാല്‍ ന്യൂറോ സര്‍ജറി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തുടര്‍ന്ന് ഈ മാസം 12ന് സുഭാഷിനെ ശസ്ത്രക്രിയക്കു വിധേയമാക്കി. ഒരാഴ്ചയ്ക്കു ശേഷം ആശുപത്രി വിടാമെന്നും വീട്ടില്‍പോയി പ്രത്യേക പരിചരണം കൊടുത്താല്‍ മതിയെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇത് അംഗീകരിച്ച ബന്ധുക്കളെ അടുത്ത ദിവസം മുതല്‍ കാണാനില്ല. ഇതിനിടയില്‍ സുഭാഷിനെ വാര്‍ഡിലേക്കു മാറ്റുകയും ചെയ്തു. ബന്ധുക്കളെ ഫോണിലൂടെ വിവരം അറിയിച്ചെങ്കിലും എത്തിച്ചേരാന്‍ തയ്യാറായില്ല. ഇതിനിടെ രോഗിയുടെ നില മോശമായതിനെ തുടര്‍ന്ന് നഴ്‌സുമാരും മറ്റ് ജീവനക്കാരും ചേര്‍ന്ന് സുഭാഷിനെ പരിചരിക്കുകയാണ്. മറ്റു സഹായത്തിനു സമീപത്തെ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരും എത്തുന്നുണ്ട്. ബന്ധുക്കള്‍ രോഗി പരിചരണത്തിന് എത്തിയില്ലെങ്കില്‍ ആശുപത്രി സൂപ്രണ്ട് വഴി പോലിസില്‍ പരാതി നല്‍കി ബന്ധുക്കളെ വിളിച്ചുവരുത്തുമെന്ന് വകുപ്പു മേധാവി ഡോ. പി കെ ബാലകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it