Kottayam Local

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫാന്‍ തലയില്‍ വീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

ആര്‍പ്പുക്കര: മെഡിക്കല്‍ കോളജ് ആശുപത്രി ഒപി ടിക്കറ്റ് കൗണ്ടറിലെ ഫാന്‍ കറങ്ങുന്നതിനിടെ ഒടിഞ്ഞ് ജീവനക്കാരിയുടെ തലയില്‍ വീണ് ഗുരുതരപരിക്ക്.ആശുപത്രിയില്‍ ഒപി ചീട്ടെഴുതുന്ന ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ കൊല്ലം സ്വദേശിനി മായ(53)യുടെ തലയിലും പുറത്തുമായാണ് ഫാന്‍ വീണത്. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം.
മായ ഒപി കൗണ്ടറിലിരുന്നു ചീട്ടെഴുതുന്നതിനിടെ ഫാന്‍ ഒടിഞ്ഞു വീഴുകയായിരുന്നു. പുറവും തലയും വീര്‍ത്ത് തടിച്ച നിലയിലാണ്. ഈ കൗണ്ടറില്‍ അഞ്ച് ജീവനക്കാരുണ്ടായിരുന്നു. തൊട്ടടുത്തിരുന്ന ജീവനക്കാരന്റെ കൈകളിലും ഫാനിന്റെ ലീഫ് പതിച്ചെങ്കിലും പരിക്കേറ്റില്ല. കൗണ്ടറില്‍ നിന്നു ജീവനക്കാരിയുടെ നിലവിളി കേട്ട് ചീട്ട് എഴുതിക്കാന്‍ നിന്ന രോഗികളും മറ്റു ജീവനക്കാരും ഓടി കൂടി.
തുടര്‍ന്ന് ഇവരെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഈ സമയം സ്ട്രക്ചറോ, ട്രോളിയോ ഇല്ലായിരുന്നത് തടസം നേരിട്ടു. നിലവില്‍ ഒബ്‌സര്‍വേഷനില്‍ ചികില്‍സയിലാണ് ജീവനക്കാരി. വര്‍ഷങ്ങളുടെ പഴക്കമുള്ള ഫാനാണ് ഒപി കൗണ്ടറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഫാന്‍ തുരുമ്പെടുത്തിരുന്നതാണ് ഒടിയാന്‍ കാരണം. അശുപത്രി വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ഫാനുകളും വര്‍ഷങ്ങളുടെ പഴക്കമുള്ളവയാണ്. അടുത്തിടെ ചികില്‍സയിലുള്ള രോഗിയുടെ ദേഹത്ത് വാര്‍ഡില്‍ കറങ്ങികൊണ്ടിരുന്ന ഫാന്‍ തകര്‍ന്നു വീണിരുന്നു.
കാലപ്പഴക്കം മൂലം രോഗികളുടേയും ജീവനക്കാരുടേയും ജീവന് ഭീഷണി ഉയര്‍ത്തുന്ന ഫാനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വാര്‍ഡുകളില്‍ പ്രവത്തനരഹിതമായ ഫാനുകളും നിരവധിയുണ്ട്. വേനല്‍ കടുത്തതോടെ ചൂട് കാരണം രോഗികള്‍ വലിയ ദുരിതത്തിലായിരിക്കുകയാണ്.
Next Story

RELATED STORIES

Share it