Flash News

മെഡിക്കല്‍ കോളജുകളില്‍ യൂനിഫോം നിര്‍ബന്ധം



കളമശ്ശേരി: എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജോലിസമയത്ത് യൂനിഫോം ധരിക്കുന്നത് നിര്‍ബന്ധമാക്കി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഒക്ടോബര്‍ 15 മുതല്‍ യൂനിഫോം നിര്‍ബന്ധമാക്കിയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഡ്യൂട്ടി സമയത്ത് നിര്‍ബന്ധമായും യൂനിഫോം ധരിക്കണം. അല്ലാത്തപക്ഷം യൂനിഫോം അലവന്‍സ് തുക തിരികെ സര്‍ക്കാരിലേക്ക് ഈടാക്കേണ്ടതാണെന്നും കാണിച്ചാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ യൂനിഫോം ധരിക്കാന്‍ ബാധ്യതയുള്ള ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും ഡ്യൂട്ടി സമയത്ത് യൂനിഫോം ധരിക്കുന്നുണ്ടെന്ന് അതതു കണ്‍ട്രോളിങ് ഓഫിസര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. യൂനിഫോം ധരിക്കാത്തവരുടെ കൈയില്‍ നിന്നു വാങ്ങിയ യൂനിഫോം അലവന്‍സ് തുക മുഴുവനായി തിരികെ പിടിക്കുന്നതുവരെ 12 ശതമാനം പിഴപ്പലിശ ഈടാക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. നിലവില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന പുരുഷന്‍മാര്‍ വെള്ള പാന്റ്‌സും നീല ഷര്‍ട്ടുമാണ് ഇതുവരെ ധരിച്ചിരുന്നതെങ്കില്‍ അടുത്ത 15 മുതല്‍ കാക്കി പാന്റ്‌സും ഷര്‍ട്ടുമാണ് ധരിക്കേണ്ടത്. സ്ത്രീകള്‍ ഇനിമുതല്‍ കടും നീല സാരിയില്‍ ലൈറ്റ് നീല ബോര്‍ഡര്‍ സാരിയും ലൈറ്റ് നീല ബ്ലൗസുമാണ് യൂനിഫോം. നഴ്‌സിങ് അസിസ്റ്റന്റ് നിലവിലെ യൂനിഫോം മാറ്റി വെള്ളയില്‍ കറുത്ത ബോര്‍ഡറുള്ള സാരിയും വെള്ള ബ്ലൗസും പുരുഷന്‍മാര്‍ വെള്ള പാന്റ്‌സും വെള്ള ഷര്‍ട്ടുമാണ് ധരിക്കേണ്ടത്. നിലവില്‍ ധരിച്ചുകൊണ്ടിരിക്കുന്ന യൂനിഫോം മാറ്റുന്നത് ജീവനക്കാരെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് അലവന്‍സ് തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം അലവന്‍സ് ലഭിച്ചിട്ടില്ലെന്നു ജീവനക്കാര്‍ പറയുന്നു. നിലവില്‍ എറണാകുളം മെഡിക്കല്‍ കോളജില്‍ ഡ്രൈവര്‍മാര്‍ യൂനിഫോം ധരിച്ചിരുന്നില്ല. എന്നാല്‍, പുതിയ ഉത്തരവു പ്രകാരം അവരും യൂനിഫോം ധരിക്കണം. ജോലിയില്‍ പ്രവേശിച്ച് 10ഉം 15ഉം വര്‍ഷം സര്‍വീസുള്ള അറ്റന്‍ഡര്‍മാര്‍ ഇപ്പോള്‍ പ്രമോഷന്‍ ലഭിച്ച് ഗ്രേഡ് ഒന്നായിരിക്കുകയാണ്. ഇവര്‍ കാക്കി യൂനിഫോം ധരിക്കണമെന്ന ആവശ്യവും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. കൂടാതെ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു നിരവധി അറ്റന്‍ഡര്‍മാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ കാര്യം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. വിവിധ സംഘടനകളിലെ യൂനിയന്‍ നേതാക്കള്‍ അറ്റന്‍ ഡര്‍ തസ്തികയിലാണ് ജോലി ചെയ്യുന്നതെങ്കിലും അവരാരും ഇതുവരെ യൂനിഫോം ധരിച്ചിട്ടില്ലെന്നും അവരോട് യൂനിഫോം ധരിക്കാന്‍ ആരും നിര്‍ബന്ധിക്കാറില്ലെന്നും സഹജീവനക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it