Kottayam Local

മെഡിക്കല്‍ കോളജില്‍ 20 വര്‍ഷം മുന്നില്‍ കണ്ടു ള്ള പദ്ധതികള്‍ ആരംഭിക്കുന്നു : 12 നിലകളുള്ള ആധുനിക കെട്ടിടം നിര്‍മിക്കും



ആര്‍പ്പൂക്കര: രോഗികളുടെ തിരക്ക്, ഒപി വിഭാഗത്തിന്റെ ബാഹുല്യം, മൊത്തം ബെഡ്ഡുകളുടെ എണ്ണം അടക്കമുള്ളവ പരിഗണിച്ച് 20 വര്‍ഷം മുന്നില്‍ കണ്ടുള്ള സമഗ്ര വികസനത്തിന് കോട്ടയം മെഡിക്കല്‍ കോളജില്‍ തുടക്കം കുറിക്കുന്നു. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന യോഗത്തിലാണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ധാരണയായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. ഇതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറായിവരികയാണ്. ഇഎഫ്ജി ബ്ലോക്ക് പൊളിച്ച്് ഏകദേശം 12 നിലകളുള്ള ആധുനിക സംവിധാനത്തോടെയുള്ള കെട്ടിടം നിര്‍മിക്കുന്നതാണ് പ്രധാന പദ്ധതി. ഇതിനായി പ്രപ്പോസല്‍ തയ്യാറാക്കന്‍ എച്ച്എന്‍എല്ലിനെ ചുമതലപ്പെടുത്തി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളനുസരിച്ചുള്ള സംവിധാനമാണൊരുക്കുക. എല്ലാ ക്ലിനിക്കല്‍ വിഭാഗത്തിനോടും അവരുടെ നിര്‍ദേശമടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡോ.പി എസ് രാജേഷിനെ ട്രോമാകെയറിന്റെ നോഡല്‍ ഓഫിസറായി നിയമിച്ച് എയിംസുമായി സഹകരിച്ചു ട്രോമാകെയറിനെ ആധുനിക നിലവാരത്തിലെത്തിക്കും. 16 കോടി ചെലവില്‍ അത്യാഹിത വിഭാഗം നവീകരിക്കും. നിലവിലെ ഗൈനക്കോളജി ബ്ലോക്കിനോട് ചേര്‍ന്ന് കുട്ടികളുടെ ചികില്‍സയ്ക്കായി പ്രത്യേക ബ്ലോക്ക്് നിര്‍മിച്ച് ഇവിടം മദര്‍ ചൈല്‍ഡ് കോപ്ലക്‌സാക്കും. ഇപ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും രണ്ട് സ്ഥലത്താണ് ചികില്‍സ നല്‍കുന്നത്. പുതിയ സംവിധാനം യാഥാര്‍ഥ്യമാവുന്നതോടെ ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങള്‍ ഒരു കുടക്കീഴിലാവും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, റേഡിയോളജി ബ്ലോക്ക്, മെഡിക്കല്‍ വാര്‍ഡ് എന്നിവ ഉള്‍പ്പെടുന്ന 10 നില കെട്ടിടം നിര്‍മിക്കാനുള്ള നിര്‍ദശമാണ് മുന്നോട്ടുവയ്ക്കുന്നത്. ഐടിക്കായി ഒരു പ്രത്യേക വിഭാഗവും രൂപീകരിക്കും. കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ക്ലാസ്‌റൂം, സെമിനാര്‍ ഹാള്‍ അടക്കമുള്ളവയും തയ്യാറാക്കും.ശസ്ത്രക്രിയ വാര്‍ഡ് അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റാനും പദ്ധതിയുണ്ട്. ഡിഎംഇ ഡോ. റംലാ ബീവി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ജോസ് ജോസഫ്, സൂപ്രണ്ട് ഡോ.ടി കെ ജയകുമാര്‍, ആര്‍എംഒ ആര്‍ പി രഞ്ജിന്‍, വിവിധ വകുപ്പ് മേധാവികള്‍, ആശുപത്രി നഴ്‌സിങ് സൂപ്രണ്ട്, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it