kozhikode local

മെഡിക്കല്‍ കോളജില്‍ വെള്ളമില്ല; രോഗികളും ബന്ധുക്കളും വലഞ്ഞു

കോഴിക്കോട്: മെഡിക്കല്‍ കോളജാശുപത്രിയില്‍ വാര്‍ഡുകളില്‍ വെള്ളമില്ലാതെ രോഗികളും ബന്ധുക്കളും വലഞ്ഞു. ഇന്നലെ രാവിലെ മുതല്‍ വെള്ളമില്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനാവാതെ രോഗികള്‍ നെട്ടോട്ടത്തിലായി.
ഒരു മാസത്തിനുള്ളില്‍ ഇത് നാലാം തവണയാണ് വെള്ളമില്ലാത്തതിനാല്‍ രോഗികള്‍ നരകിക്കുന്നത്. മെഡിക്കല്‍ കോളജാശുപത്രി കാംപസിലെ പമ്പു ഹൗസ് തകരാറായതാണ് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഡയാലിസിസ് രോഗികള്‍ക്ക് വെള്ളമില്ലാത്തത് തീരാ ദുരിതമായി. ജലവിതരണം തടസ്സപ്പെട്ടതിനാല്‍ ഉച്ചമുതല്‍ ഷെഡ്യൂള്‍ നല്‍കിയിരുന്ന രോഗികളുടെ ഡയാലിസിസ് ഏറെ വൈകി. മെഡിക്കല്‍ കോളജ് പൊതുമരാമത്ത് വിഭാഗത്തിലെ ജീവനക്കാരുടെ കുറവാണ് ജലവിതരണം ശരിയാക്കുന്നതില്‍ കാലതാമസത്തിന് കാരണം.
ഉച്ചമുതല്‍ ശരിയാക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും രാത്രിയാണ് ഭാഗികമായെങ്കിലും ജലവിതരണം പുനസ്ഥാപിച്ചത്. ഇന്നലെ വൈകീട്ട് നാലിന് ഒരു രോഗിക്ക് ഡയാലിസിസ് ചെയ്യേണ്ടത് ജലവിതരണം മുടങ്ങിയതിനാല്‍ ഏറെ താമസം വന്നു. ജലവിതരണം മുടങ്ങുന്നതിനാല്‍ മിക്കപ്പോഴും ഡയാലിസിസ് ഇടയ്ക്കു വച്ച് നിര്‍ത്തേണ്ടിവരുന്നു.
ഉച്ചക്ക് നിര്‍ത്തിവച്ച ഡയാലിസിസ് മണിക്കൂറുകളോളം വൈകുന്നതോടെ പാവപ്പെട്ട രോഗികള്‍ അര്‍ധരാത്രിയും വന്‍ തുക നല്‍കി ടാക്‌സിയില്‍ പോവേണ്ടിവരുന്നു.
Next Story

RELATED STORIES

Share it