Kottayam Local

മെഡിക്കല്‍ കോളജില്‍ മെയില്‍നഴ്‌സ് ചമഞ്ഞ യുവാവ് പിടിയില്‍

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജില്‍ വ്യാജ മെയില്‍നഴ്‌സ് ചമഞ്ഞ് രോഗികളെ സമീപിച്ച യുവാവ് പിടിയില്‍. പാലാ രാമപുരം വെള്ളിലാപള്ളി സ്വദേശി അനില്‍(34)ആണ് പിടിയിലായത്. മെയില്‍ നേഴ്‌സുമാര്‍ ധരിക്കുന്ന പാന്‍സും ഓവര്‍കോട്ടും അനില്‍ പിടിയിലാവുമ്പോള്‍ ധരിച്ചിരുന്നു. കാര്‍ഡിയോളജി വിഭാഗം നഴ്‌സാണെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്.
മെയില്‍  നഴ്‌സുമാരുടെ പാന്‍സും ഓവര്‍കോട്ടും മെഡിക്കല്‍ കോളജ്  കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ ബൂത്തിലാണ് പലപ്പോഴും അനില്‍ കൊണ്ടുചെന്നു വച്ചിരുന്നത്. തുടര്‍ന്ന് മില്‍മ ബൂത്തിലെ  ജീവനക്കാരനുണ്ടായ സംശയമാണ് അനില്‍ പിടിയിലാവാന്‍ കാരണം.
അടുത്തിടെ അനിലിന്റെ മാതാവ് ഏറെനാള്‍ മെഡിക്കല്‍ കോളജില്‍ കിടത്തി ചികില്‍സയില്‍ കഴിയുകയും ഡിസ്ചാര്‍ജ് ആവുകയും ചെയ്തിരുന്നു. അനിലായിരുന്നു മാതാവിന് കൂട്ടിരിപ്പിനുണ്ടായിരുന്നത്. തുടര്‍ന്ന് മാതാവ് ഡിസ്ചാര്‍ജ് ചെയ്തിട്ടും അനില്‍ ആശുപത്രിയില്‍ എത്താന്‍ തുടങ്ങി. പിന്നിട് നഴ്‌സിന്റെ വേഷം കെട്ടി ആശുപത്രിയില്‍ കറങ്ങി നടക്കുകയായിരുന്നു.
തിരക്കുള്ള ഒപികളിലെത്തി ഇവിടെ നില്‍ക്കുന്ന രോഗികളെ സമീപിച്ച് ഡോക്ടറെ ഒറ്റയ്ക്ക് കാണുന്നതിന് സഹായിക്കാമെന്നു പറഞ്ഞ് രോഗികളോട് അടുത്തിടപഴകുന്നതായിരുന്നു അനിലിന്റെ പതിവ് രീതി. അടുത്തിടെ ഒരു രോഗിയുമായി അത്യാഹിതത്തില്‍ ചെന്ന് നഴ്‌സുമാരെ കൊണ്ട് രോഗിയുടെ രക്ത പരിശോധനയ്ക്കുള്ള രക്തം  എടുപ്പിക്കുകയും ചെയ്തു.
ഈ സമയത്തും അത്യാഹിത വിഭാഗം നഴ്‌സുമാര്‍ അനിലിനെ തിരിച്ചറിഞ്ഞിരുന്നില്ല. ക്വാര്‍ട്ടേഴ്‌സില്‍ കൂടെ താമസിക്കുന്ന സുഹൃത്ത്  നാട്ടില്‍ പോയിരിക്കുന്നതിനാല്‍ റൂം അടിച്ചിട്ടിരുക്കുകയാണെന്ന് പറഞ്ഞാണ് അനില്‍ മില്‍മാ ബൂത്തി ല്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ സംശയം തോന്നിയ ബൂത്തിലെ ജീവനക്കാരന്‍ മെഡിക്കല്‍ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റിലെ പോലിസുകാരായ ജോബി കുര്യനേയും സന്തോഷിനേയും വിവരം അറിയിച്ചു.
ഇവര്‍ അനിലിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ്  അനില്‍ നഴ്‌സ് ചമഞ്ഞ് നടക്കുകയായിരുന്നെന്ന വിവരം പുറത്തുവന്നത്. അനില്‍ ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയിരുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലിസ് കേസെടുത്തു. യുവാവിന് മാനസിക അസ്വസ്ഥ്യം ഉണ്ടോയെന്ന് പോലിസ് അന്വേഷിച്ചു വരികയാണ്.
Next Story

RELATED STORIES

Share it