മെഡിക്കല്‍ കോളജില്‍ മരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയില്ല

കോഴിക്കോട്: 26ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയില്ല. വടകര ആയഞ്ചേരി സ്വദേശി തറവട്ടത്ത് മുസീദിന്റെ ഭാര്യ സുബൈറത്ത് (24) ആണ് വെള്ളിയാഴ്ച മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഓപറേഷന്‍ ചെയ്തതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ യുവതിയെ രണ്ടാഴ്ച മുമ്പാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കര്‍ണാടക കുടക് ചുണ്ടിക്കുപ്പ സ്വദേശിയാണ് യുവതി. മൃതദേഹം വിട്ടുതരാന്‍ സാധിക്കില്ലെന്നും ദഹിപ്പിക്കണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
ഇത് ഒരിക്കലും അനുവദിക്കാന്‍ സാധിക്കില്ലെന്നും മൃതദേഹം ഏതെങ്കിലും ഒരു ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടത്താനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒരു വര്‍ഷം മുമ്പാണ് കുടക് സ്വദേശിയായ യുവതിയെ മുഫീദ് വിവാഹം കഴിക്കുന്നത്.
പ്രേമവിവാഹമായതുകൊണ്ട് വീട്ടുകാര്‍ അംഗീകരിക്കാത്തത് കാരണം വടകരയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ബന്ധുക്കളുമായി അകന്നു കഴിയുന്നത് കൊണ്ട് ആരേയും സഹായത്തിന് വിളിക്കാന്‍ പോലുമാവാതെ കഴിഞ്ഞ രണ്ടു ദിവസമായി മെഡിക്കല്‍കോളജ് മോര്‍ച്ചറിക്ക് മുമ്പില്‍ കാത്തിരിക്കുകയാണ് ഈ യുവാവ്.
നിപാ ബാധിതരെ പ്രവേശിപ്പിച്ച വാര്‍ഡില്‍ തന്നെയായിരുന്നു ഇവരെയും ചികില്‍സിച്ചിരുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കുന്ന രോഗികളുടെ മൃതദേഹങ്ങള്‍ നിപാ ഭീഷണി ഒഴിവാകുംവരെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ സംസ്‌കരിക്കണമെന്ന കേന്ദ്ര സംഘത്തിന്റെ നിര്‍ദേശമുള്ളതിനാല്‍ മൃതദേഹം കണ്ണംപറമ്പില്‍ ഖബറടക്കാന്‍ വേണ്ട നടപടി സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it